Tuesday, November 22, 2011

അണ പൊട്ടിയാല്‍ ഞാനും ചാകും..



                                    ദിവസവും കുറഞ്ഞത് മൂന്ന് നേരമെങ്കിലും ഇങ്ങോട്ട് ഫോണ്‍ വിളിക്കുന്ന എന്റെ ക്ലോസ് ഫ്രണ്ട് നിഷയ്ക്ക്,രണ്ടു ദിവസമായി ഒരു മ്ലാനത!!..രണ്ടു ദിവസമായി ഫോണ്‍ വിളിയില്ല..അങ്ങോട്ട്‌ വിളിച്ചാല്‍ തന്നെയും ജീവിതത്തിനോട് വിരക്തി തോന്നിയ പോലെയുള്ള സംസാരം..ഇനി അവളുടെ ഭര്‍ത്താവും,പൊന്നപ്പന്‍ ചേട്ടന്റെ ക്ലാസ്സ്‌മേറ്റും ആയ രതീഷ്‌ എങ്ങാനും അവളെ കൈ വച്ചോ? ഇന്ന് രണ്ടിലൊന്നറിഞ്ഞിട്ടെ കാര്യമുള്ളൂ..ഞാന്‍ അവളുടെ മൊബൈലിലേക്ക് വിളിച്ചു.അവള്‍ എടുത്ത പാടെ ഞാന്‍ ചോദിച്ചു,
''എന്ത് പറ്റീ നിനക്ക്?രണ്ടു ദിവസമായി ചോദിക്കണമെന്ന് വിചാരിച്ചതാ..ചെട്ടനുമായിട്ടു വഴക്കുകൂടിയോ?''.
നിഷ:- ''ഏയ്..വഴക്കൊന്നുമില്ല.അല്ലെങ്കിലും ക്ഷണികമായ ഈ ലോകത്ത് അല്‍പനേരത്തേയ്ക്ക് മാത്രം കാണുന്ന നമ്മള്‍ മനുഷ്യര്‍ തമ്മില്‍ കലഹിച്ച് സമയം കളയുന്നതില്‍ എന്തര്‍ത്ഥം ആണുള്ളത്?''. ഹേ!!നമ്പര്‍ മാറിപോയോ?ഞാന്‍ ചെവിയില്‍ നിന്നും മൊബൈല്‍ എടുത്ത് നമ്പരിലേക്ക് നോക്കി..ഇല്ല!!മാറിയിട്ടില്ല!!ഇത് ലവള്‍ തന്നെ!!
ഞാന്‍ ചോദിച്ചു,''ഒന്നും പറ്റിയിട്ടില്ലെങ്കില്‍ പിന്നെ നിനക്കെന്താ ഒരുഷാര്‍ ഇല്ലാത്തെ?''.
അവള്‍ ,''ഓ...ഇനി ഉഷാറായിട്ടൊക്കെ എന്തിനാ??മുല്ലപെരിയാര്‍ ഡാം പൊട്ടാന്‍ പോകുവല്ലേ?.ഇനി എറണാകുളമൊക്കെ എത്ര നാളത്തേയ്ക്കാ?!''. ഓ..അപ്പൊ അതാണ് കാര്യം!..അല്ല..അപ്പൊ ഈ മുല്ലപെരിയാര്‍ ഡാം ഇതുവരെ പൊട്ടിയില്ലേ?!?!കുറെ നാള്‍ മുന്‍പ് ഡാം ഇപ്പൊ പൊട്ടും, ഇപ്പൊ പൊട്ടും എന്ന് പറഞ്ഞു പേപ്പറില്‍ ന്യൂസ്‌ വായിച്ചത് ഓര്‍മ്മയുണ്ട്.ഡാം പൊട്ടുന്നതിനു മുന്‍പുള്ള കേരളവും പൊട്ടി കഴിഞ്ഞതിനു ശേഷമുള്ള കേരളത്തിന്റെ പടവും എല്ലാം കൊടുത്തിട്ടുണ്ടായിരുന്നു പേപ്പറില്‍ .ഇങ്ങ് തെക്ക് തിരുവനന്തപുരത്ത് സ്ഥാപനജന്ഗമ വസ്തുക്കളുള്ള ഞാന്‍,പൊട്ടി കഴിഞ്ഞുള്ള കേരളത്തിന്റെ പടത്തില്‍ തിരുവനന്തപുരത്തിനു ഒരു ചുക്കും പറ്റിയിട്ടില്ലലോ എന്ന് ഉറപ്പ് വരുത്തി അതിന്റെ അഹങ്കാരത്തില്‍ ,നാമാവശേഷമാകാന്‍ പോകുന്ന ജില്ലകളിലുള്ള ജനങ്ങളെ ഓര്‍ത്ത്‌,വര്‍ദ്ധിച്ച് വരുന്ന സഹതാപത്തോടെ മനസ്സില്‍ 'കഷ്ടമായി പോയി ' എന്ന് പറഞ്ഞതും ഒരു സിനിമാകഥ പോലെ മനസ്സില്‍ തെളിഞ്ഞു വന്നു..
ഞാന്‍ അവളെ ആശ്വസിപ്പിക്കാന്‍ പറഞ്ഞു,''ങാ..എന്ത് ചെയ്യാന്‍ പറ്റും നമുക്ക്!!വിധി പോലെ വരട്ടെ!!ദൈവം തരുന്ന ജീവന്‍ ദൈവമായിട്ട്‌ തന്നെ തിരിച്ചെടുക്കുന്നു!..''അപ്പുറത്ത് ഒരു നെടുവീര്‍പ്പിടുന്ന ശബ്ദം ഞാന്‍ കേട്ടു..
ഞാന്‍ തുടര്‍ന്നു..''അല്ലെങ്കില്‍ തന്നെ ഡാം പൊട്ടി കഴിഞ്ഞാല്‍ തമിഴ്നാട്ടില്‍ ലഭിക്കുന്ന വെള്ളം കുറഞ്ഞു അത് അവിടുത്തെ കൃഷിയെ ബാധിക്കും.അങ്ങനെ കേരളത്തിലുള്ള ജനങ്ങള്‍ക്ക്‌ പച്ചക്കറി ലഭിക്കാതാവും.നീ തന്നെ പറ പോഷകാഹാരങ്ങള്‍ കിട്ടാതെ ഇഞ്ചിഞ്ചായി മരിക്കുന്നതാണോ നല്ലത്;അതോ പോഷകസമ്പന്നമായ ആഹാരം ഒക്കെ കഴിച്ച് ഡാം പൊട്ടി സുഖമായി മരിക്കുന്നതോ?''.
അപ്പുറത്ത് നിന്നും ഒരു മൂളല്‍ കേട്ടു.ഞാന്‍ ഒന്ന് കൂടി ഉഷാറായി..''അല്ല നീ എന്തിനാ ഇത്ര പേടിക്കുന്നെ!?ഡാം പോട്ടുന്നെങ്കില്‍ പൊട്ടട്ടെ!!ഇത്ര ഭീരുവാകല്ലേ നീയ്!!ചാകുന്നെങ്കില്‍ ചാകട്ടെ എന്നങ്ങ് വിചാരിക്കണം.നീ ഒറ്റക്കൊന്നുമല്ലല്ലോ;അവിടെ പത്ത് ലക്ഷത്തോളം ജനങ്ങളുമില്ലേ?പിന്നെ ഒരു കാര്യം ഓര്‍ത്താല്‍ ഡാം പോട്ടുന്നെങ്കില്‍ ഈ മാസം തന്നെ പോട്ടുന്നതാ നല്ലത്.അടുത്ത മാസം നീ അവിടെ വീട് പണി തുടങ്ങാന്‍ പോകുവല്ലേ?വീടുപണി പൂര്‍ത്തിയാക്കിയിട്ടെങ്ങാനും ഡാം പോട്ടിയിരുന്നെങ്കിലോ!?!..ഹോ! എനിക്ക് തന്നെ അതോര്‍ത്തിട്ടു സഹിക്കുന്നില്ലാ...''.അപ്പൊ അവള്‍ ,''ഒന്നോര്‍ത്താല്‍ അതും ശെരിയാ..''പിന്നെയും എന്തൊക്കെയോ പറഞ്ഞ ശേഷം ഞാന്‍ ഫോണ്‍ വച്ചു..


                                                    വൈകുന്നേരം പൊന്നപ്പന്‍ ചേട്ടന്‍ പതിവിലും നേരത്തെ ഓഫീസില്‍ നിന്നും വീട്ടില്‍ എത്തി..വന്നു കയറിയ പാടെ ആഹ്ലാദത്തോടെ പറഞ്ഞു,''ഒരു സന്തോഷവാര്‍ത്തയുണ്ട് ..'' ഞാന്‍ ആകാംഷയോടെ പൊന്നപ്പന്‍ ചേട്ടന്റെ മുഖത്തേയ്ക്കു നോക്കി..ചേട്ടന്‍ പറയാന്‍ തുടങ്ങി..''നിന്റെ വളരെ കാലമായുള്ള ആഗ്രഹമല്ലായിരുന്നോ ഞാന്‍ എറണാകുളത്ത് കുറച്ചു നാള്‍ ജോലി ചെയ്യണം എന്ന്..എനിക്ക് എറണാകുളത്തെ ഓഫീസിലേക്ക് ട്രാന്‍സ്ഫെറായി..കുറച്ചു കഷ്ടപെട്ടെങ്കിലും അവസാനം ഞാന്‍ അത് ഒപ്പിച്ചെടുത്ത്..ഞാന്‍ ഒരു മിടുക്കന്‍ തന്നെ!!നാളെ തന്നെ നമുക്ക് പോണം..ഇനി നിന്റെ ആഗ്രഹം പോലെ നിഷയുമായി ഒഴിവുസമയങ്ങളില്‍ ഷോപ്പിങ്ങിനോക്കെ പോകാം..സന്തോഷമായില്ലേ നിനക്ക്..നീ രതീഷിനെയും നിഷയെയും വിളിച്ചു പറ..അല്ലെങ്കില്‍ വേണ്ട..ഞാന്‍ തന്നെ പറയാം..''
എന്തതിശയമേ ദൈവത്തിന്‍ സ്നേഹം,എത്ര മനോഹരമേ..!!എന്റെ തലച്ചോറില്‍ എന്തോ പൊട്ടുന്നത് ഞാന്‍ അറിഞ്ഞു..പൊന്നപ്പന്‍ ചേട്ടന്‍ അവരോടു സംസാരിച്ച ശേഷം എനിക്ക് ഫോണ്‍ തന്നു..അവള്‍ ഭയങ്കര സന്തോഷത്തോടെ,''ഇപ്പഴാ ഒരു സമാധാനം വന്നത്..എല്ലാ പ്രശ്നങ്ങളും നമ്മള്‍ക്ക് ഒന്നിച്ച് നേരിടാം.ഞാന്‍ ഇപ്പൊത്തന്നെ കുറച്ച് പച്ചക്കറിയൊക്കെ മേടിച്ച് വയ്ക്കാം..പോഷകാഹാരങ്ങള്‍ ഒട്ടും കുറയ്ക്കണ്ട..ചത്തു കിടന്നാലും ചമഞ്ഞ് കിടക്കണം എന്നല്ലേ..'' പിന്നെയും അവള്‍ എന്തൊക്കെയോ പറഞ്ഞു..ഞാന്‍ ഒന്നും കേട്ടില്ല..


                    രാത്രി കിടന്നിട്ട് ഒറക്കം വരുന്നില്ല..തിരിഞ്ഞും മറിഞ്ഞുമൊക്കെ കിടന്നു നോക്കി..കുറേനേരം കഴിഞ്ഞ് ഞാന്‍ എഴുന്നേറ്റ് പൊന്നപ്പന്‍ ചേട്ടനെ കുലുക്കി വിളിച്ചുണര്‍ത്തി ചോദിച്ചു,''അല്ല..ഈ മുല്ലപെരിയാര്‍ ഡാമെങ്ങാനും ശരിക്കും പൊട്ടിയാലോ....??!''.

Saturday, November 5, 2011

പെട്രോള്‍ ആണ് താരം!!


                                       അങ്ങനെ പ്രതീക്ഷയോടെ കാത്തിരുന്ന ആ ദിവസം വന്നെത്തി. ഇന്ന് ഹര്‍ത്താല്‍ !!. എന്നാലും മനസ്സിലൊരു നഷ്ടബോധം. ഈ ഹര്‍ത്താല്‍ വെള്ളിയാഴ്ച ആയിരുന്നെങ്കില്‍ അടുപ്പിച്ച്  ഒരു മൂന്ന് ദിവസം അവധി കിട്ടിയേനെ. അല്ലെങ്കിലും ഒരു ആവശ്യത്തിനു നോക്കുമ്പോള്‍ ഹര്‍ത്താലും പണിമുടക്കും. ആ.. ഇനി ഒള്ളത് കൊണ്ട് ഓണം പോലെ!!. ഇന്ന് എന്തിനാണാവോ പണിമുടക്ക്?. ബെഡില്‍ നിന്നും നേരെപോയി ഫേസ്ബുക്കിന്റെ മുന്നിലിരുന്നു. പത്രം വായന, വാര്‍ത്ത കേള്‍ക്കല്‍ ഇങ്ങനെയുള്ള ദുശ്ശീലങ്ങളൊന്നും ഇല്ലാത്ത ഞാന്‍, എന്തെങ്കിലും അത്യാവശ്യമുള്ള ന്യൂസ്‌ ഒക്കെ അറിയുന്നത് ഫേസ്ബുക്കില്‍, രാഷ്ട്രീയത്തില്‍ ആരോ കൈവിഷം കൊടുത്ത കൂട്ടുകാര്‍ അപ്ഡേറ്റ് ചെയ്യുന്ന സ്റ്റാറ്റസ് വഴിയാണ്. അല്ലെങ്കിലും പഠിക്കുന്ന കാലത്തേ ഞാന്‍ ഇകണോമിക്സില്‍ വീക്കാ!!.

                                         ഓ, അപ്പൊ അതാണ് ഇന്നത്തെ പണിമുടക്കിനുള്ള കാര്യം.. ഫേസ്ബുക്കില്‍ മുഴുവന്‍ പെട്രോള്‍ ആണ് താരം!. ഞാന്‍ ഒരുവിധം എല്ലാ സ്റ്റാറ്റസ് അപ്ഡേറ്റ്സിലൂടെയും ഒന്ന് ഓടിച്ചു നോക്കി. വിചാരിച്ച പോലല്ല; പെട്രോള്‍ ആണ് വില്ലന്‍, അതാണ്‌ ശരി. എനിക്ക് എല്ലാം മനസ്സിലായി. എന്റെ ഒരു കാര്യം! ഫേസ്ബുക്ക് കണ്ടുപിടിച്ച മാര്‍ക്ക് എന്തരോ ബര്‍ഗിനെ മനസ്സാനമിച്ചു കൊണ്ട്‌; 'ഇപ്പൊ എന്തോ സംഭവിക്കും' എന്ന മുഖഭാവത്തോടെ ഏതു നേരവും ടിവി വാര്‍ത്തയുടെ മുന്നിലിരിക്കുന്ന എന്റെ ഭര്‍ത്താവടക്കമുള്ള വിഡ്ഢികുശ്മാണ്ടങ്ങളെ ഓര്‍ത്തു ഒരു  പുച്ഛച്ചിരി ചിരിച്ച് പൊന്നി അടുക്കളയിലേക്ക്...

                                         പ്രാതലിനുള്ള ഭക്ഷണമുണ്ടാക്കി, പൊന്നപ്പന്‍ ചേട്ടനെ ടിവിയുടെ മുന്നില്‍ നിന്നും വലിച്ചിളക്കി കൊണ്ടുവന്ന് അതിന്റെ മുന്നില്‍ പ്രതിഷ്റിച്ചു. പൊന്നപ്പന്‍ ചേട്ടന്‍ പറയാന്‍ തുടങ്ങി.. എന്ത് പറയാന്‍ തുടങ്ങി?? ആ.. ആര്‍ക്കറിയാം?!!ടിവിയുടെ മുന്നില്‍ നിന്നും ഇപ്പൊ വന്നതേ ഉള്ളതിനാല്‍ രാഷ്ട്രീയത്തെ കുറിച്ചും നാടിന്റെ ഇനിയുള്ള ഭാവിപരിപാടികളെ കുറിച്ചുമൊക്കെയായിരിക്കും സംസാരം. അതിന്റെ കെട്ട് വിടാന്‍ കുറച്ച്‌ സമയമെടുക്കും. ആ സമയം കഴിഞ്ഞ ആഴ്ച വേടിച്ച ചുരിദാറിനെയോ ഇനി ഞാന്‍ വേടിക്കാന്‍ പോകുന്ന ചുരിദാറുകളുടെ ഭാവി പരിപാടികളെയോ ഒക്കെ കുറിച്ചാവും എന്റെ ചിന്ത.

                                        അങ്ങനെ ചിന്തിച്ചു കൊണ്ടിരുന്ന കൂട്ടത്തില്‍ ചേട്ടന്‍ പെട്രോളിനെ കുറിച്ച് എന്തോ പറഞ്ഞു. ഞാനും അത്ര മണ്ടിയല്ലെന്നും പെട്രോള്‍ കുത്തക കമ്പനികളെയും രാഷ്ട്രീയ സാമ്രാജ്യത്വത്തെയും   ഓര്‍ത്ത് ഒറക്കമില്ലാത്ത രാത്രികള്‍ കഷ്ടപ്പെട്ട് തള്ളിനീക്കുകയുമാണെന്നും തെളിയിക്കാന്‍ ഇതാ ഒരു സുവര്‍ണ്ണാവസരം!!. ഞാന്‍ ഫേസ്ബുക്കില്‍ വായിച്ചതിന്റെ ഓര്‍മയില്‍ തട്ടിവിട്ടു, "ഹോ! ഈ എണ്ണ കുത്തക കമ്പനികള്‍ക്ക് വേണ്ടിയാണോ, അതോ ജനങ്ങള്‍ക്ക്‌ വേണ്ടിയാണോ ഈ ഗവണ്‍മെന്റ് നാട് ഭരിക്കുന്നത്‌?". ചേട്ടന്‍ എന്നെ നോക്കി അത്ഭുതത്തോടെ ചിരിച്ചു. ഉം.. എന്നെ കുറിച്ച് മതിപ്പ് കൂടിയിട്ടുണ്ട്. എനിക്ക് ആത്മവിശ്വാസം കൂടി... "ഇതൊക്കെ ആ കുത്തകകളുടെ പണി തന്നെയാ... എനിക്ക് സംശയമില്ല!!" ഞാന്‍ കത്തികയറി, "എണ്ണ കമ്പനികള്‍ നഷ്ടത്തിലാണെങ്കില്‍ കമ്പനി അടച്ചുപൂട്ടട്ടെ! അവര്‍ എന്തിനാ നമ്മള്‍ ജനങ്ങളെ കൊള്ളയടിക്കുന്നത്‌?. ഗവര്‍ന്മെന്റ് നോക്കുകുത്തിയായത്‌ കൊണ്ടല്ലേ ഇതൊക്കെ നടക്കുന്നത്!!". ഹോ! വായില്‍ കൊള്ളാത്തതൊക്കെ വിളിച്ചുപറഞ്ഞപ്പോള്‍ എന്തൊരാശ്വാസം.. കുറച്ച്‌ ചായ എടുത്ത് കുടിച്ച് ഞാന്‍ ചേട്ടന്റെ മുഖത്ത് നോക്കി. ചേട്ടന്റെ മുഖത്തെ ചിരി മാഞ്ഞു. ചേട്ടന്‍ ഒരു ദാക്ഷണ്യവുമില്ലാതെ എന്റെ മുഖത്ത് നോക്കി ചോദിച്ചു, " കമ്പനി അടച്ചു പൂട്ടിയാല്‍ പിന്നെ നീ നിന്റെ വീട്ടില്‍ നിന്ന് കുഴിച്ചു കൊണ്ടു വരുമോടി പെട്രോള്‍?". എന്തര്!! വിടര്‍ന്നു വരുന്ന നവമുകുളത്തെ മുളയിലെ നുള്ളികളയുന്നോ!?!. ചേട്ടന്റെ മുഖം കണ്ടപ്പോള്‍ തികട്ടി വന്ന പെട്രോള്‍ ചോദ്യങ്ങള്‍ ഞാന്‍ അപ്പാടെ വിഴുങ്ങി.

                                       ചേട്ടന്‍ പറയാന്‍ തുടങ്ങി, "കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെ, കുറച്ചുപേര്‍ പറയുന്നത് മാത്രം കെട്ട് അതേറ്റ്പാടിക്കൊണ്ട്  നടക്കുന്നത്  മണ്ടത്തരമാണ്. എണ്ണവില കൂട്ടിയത് ഏതെങ്കിലും കുത്തക കമ്പനികളല്ല, ഗവര്‍ന്മെന്റ്  തന്നെ സ്ഥാപിച്ച പൊതുമേഖലാ സ്ഥാപനങ്ങളാണ്. അതു തന്നെയുമല്ല ഈ കമ്പനികളൊക്കെയും അന്താരാഷ്ട്രമാര്‍ക്കറ്റില്‍ നിന്നും ക്രൂഡോയില്‍ വാങ്ങി അതിനെ സംസ്കരിച്ചു ഡീസലും പെട്രോളുമൊക്കെയാക്കി നമ്മള്‍ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ ലോകത്തില്‍ എണ്ണയുടെ ഉപഭോഗം മൊത്തത്തില്‍ കൂടുകയും ലഭ്യത കുറഞ്ഞു വരുകയുമാണ്. അപ്പൊ സ്വാഭാവികമായും അന്താരാഷ്ട്രമാര്‍ക്കറ്റില്‍ എണ്ണക്ക് വിലകൂടിക്കൊണ്ടിരിക്കും... എന്തുകൊണ്ടാണ് ഡീസലിന് വിലകൂടുമ്പോള്‍ പ്രൈവറ്റ്ബസ്സുകാര്‍ പണിമുടക്കുന്നത്? അവര്‍ വിലകൊടുത്ത് വാങ്ങുന്ന ഡീസലിന് വിലകൂട്ടി; അതുകൊണ്ട് അവര്‍ക്ക് ടിക്കറ്റിന് വിലകൂട്ടാതെ പിടിച്ചുനില്ക്കാന്‍ കഴിയില്ല ,എന്ന ന്യായം പറഞ്ഞു കൊണ്ട്. ഇതേ ന്യായം തന്നെയാണ് വില കൂട്ടുന്ന ഹോട്ടലുകാര്‍ക്കും പച്ചകറിക്കടക്കാര്‍ക്കും  ഓട്ടോക്കാര്‍ക്കും ഒക്കെ പറയാനുള്ളത്. ഇപ്പൊ എണ്ണകമ്പനികള്‍ ചെയ്യുന്നതും ഇതേ ന്യായത്തിന് പുറത്താണ്. പക്ഷെ ഇവടെയുള്ള വ്യത്യാസം എണ്ണകമ്പനികള്‍ വിലകൂട്ടുന്നത് വ്യക്തമായ കണക്കുകള്‍ക്ക്‌ പുറത്താകുമ്പോള്‍ , പെട്രോളിനോ ഡീസലിനോ ചെറുതായി വിലകൂട്ടി എന്ന പേരുംപറഞ്ഞു ഹോട്ടലുകളും ബസ്സുകളും വിലകൂട്ടുന്നത് കയ്യുംകണക്കുമില്ലതെയാണ്. പഴി മുഴുവന്‍ കേന്ദ്രം ഭരിക്കുന്ന താടിക്കാരനും. ഗവണ്‍മെന്റിന് ആകപ്പാടെ ഇതില്‍ ചെയ്യാന്‍ കഴിയുന്നത്‌ സ്വന്തം പോക്കറ്റില്‍ നിന്നും കാശെടുത്ത് കൊടുത്ത് , എണ്ണക്ക് സബ്സിഡി കൊടുത്തു വിലപിടിച്ചു നിര്‍ത്താം എന്നുള്ളതാണ്. പക്ഷെ ഇതു ചെയ്യുന്നത് വഴി സംഭവിക്കുന്നത്‌ ഈ കാശു കൊണ്ട് ചെയ്യാന്‍ വച്ചിരുന്ന വികസനപ്രവര്‍ത്തനങ്ങള്‍ നടക്കാതെ പോവുകയും, പെട്രോളിയത്തിന്റെ ലഭ്യത കുറയുന്നത് ജനങ്ങള്‍ അറിയാതെ പോവുകയും ചെയ്യുമെന്നതാണ്. ഉദാഹരണത്തിന്, ജാടയ്ക്ക് ബൈക് വിറ്റു കാറ് വാങ്ങി അതില്‍ ഒറ്റയ്ക്ക് എന്നും ഓഫീസില്‍ പൊയാല്‍ ലോകം മുഴുവന്‍ പെട്രോളിന് വില കൂടുമ്പോഴും ഞാന്‍ അതറിയാതെ ഗവണ്‍മെന്റിന്റെ ചിലവില്‍ എന്റെ ധാരാളിത്തം തുടര്‍ന്ന് കൊണ്ടേയിരിക്കും. ഇതില്‍ കുറച്ചു കാര്യങ്ങള്‍ ഗവണ്‍മെന്റിന് ചെയ്യാന്‍ പറ്റുന്നതായി ഉണ്ട്; റോഡുകള്‍ക്ക് വീതികൂട്ടി ട്രാഫിക്‌ സുഗമമാക്കി അതു വഴി എണ്ണയുടെ ഉപയോഗം കുറയ്ക്കാനാകും. അപ്പോള്‍ നമ്മള്‍ തന്നെ അതിനു മുടക്കം നില്‍ക്കും. വേറൊരു കാര്യം ചെയ്യാവുന്നത്, എണ്ണക്ക് പകരം മറ്റു ഇന്ധനങ്ങള്‍ കണ്ടു പിടിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിവെയ്ക്കാം. പക്ഷെ അവിടെയും ഗവണ്‍മെന്റ് നിയമിക്കുന്ന  മിടുക്കന്മ്മാര്‍ കിടന്നുറങ്ങിയും, ശമ്പളം കൂട്ടാന്‍ വേണ്ടി സമരം ചെയ്തും സമയം കളയും. അതിലും മിടുക്കന്മാര്‍ ലോങ്ങ്‌ ലീവെടുത്ത് പുറത്തുപോയി ആ സമയം കൊണ്ട് പത്തു പുത്തനുണ്ടാക്കുകയും ചെയ്യും."

                                           "നീ ഒരു കാര്യം ആലോചിച്ചു നോക്ക്, വ്യക്തമായ കണക്കുകളോട് കൂടി എണ്ണകമ്പനികള്‍ വില ചെറുതായി കൂട്ടുന്നതാണോ നമ്മള്‍ പേടിക്കേണ്ടത്, അതോ അതിന്റെ പേരും പറഞ്ഞു യാതൊരു കണക്കുമില്ലാതെ  വിലകൂട്ടാന്‍ മിടുക്ക്കാണിക്കുന്ന ബസ്സുടമകളെയും,ഹോട്ടല്കാരെയും, ഓട്ടോക്കാരെയും ആണോ നമ്മള്‍ യഥാര്‍ത്ഥത്തില്‍ പേടിക്കേണ്ടത്? ഇങ്ങനെ അവസരം മുതലാക്കി വിലക്കൂട്ടുന്ന ഈക്കൂട്ടരാരെങ്കിലും പെട്രോളിന്റെ വില കുറഞ്ഞെന്നും പറഞ്ഞു അവരുടെ സാധനങ്ങളുടെയോ സേവനങ്ങളുടെയോ വില കുറച്ചതായി എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഏത് ഗവണ്‍മെന്റ് വന്നാലും പെട്രോളിന്റെ കാര്യത്തില്‍ ഇങ്ങനെയൊക്കെയേ ചെയ്യാന്‍ പറ്റൂ. ആര്‍ക്കും മാജിക്‌ കാണിച്ചു പെട്രോളുണ്ടാക്കാന്‍ കഴിയില്ല. പിന്നെ അതിന്റെ പേരില്‍ കുറച്ചു വണ്ടികത്തിച്ചും റോഡുപരോധിച്ചും പ്രതിപക്ഷപാര്‍ട്ടികള്‍ക്ക്  കുറച്ചു ആളെ പിടിക്കാം എന്നുള്ളതാണ് ആകെയുള്ള ഒരു ഗുണം. ഇപ്പൊ പെട്രോളിന് ഒരു രൂപാ എണ്‍പത് പൈസാ കൂട്ടിയപ്പോള്‍ നമ്മള്‍ ഒരു ദിവസം പണിമുടക്കി. ഇങ്ങനെ പോയാല്‍ നമ്മളുടെ മക്കളുടെ കാലം ആകുമ്പോള്‍ വില നൂറു രൂപയോക്കെയായിരിക്കും ഒറ്റയടിക്ക് കൂട്ടുന്നത്‌. അപ്പൊ ഇവര്‍ നൂറു ദിവസം പണി മുടക്കുമോ !!?"

                                           പൊന്നപ്പന്‍ ചേട്ടന്റെ നീണ്ട പ്രഭാഷണത്തിന്റെ ഒട്ടുമുക്കാലും എനിക്ക് മനസ്സിലായില്ലെങ്കിലും ആ നൂറു ദിവസത്തെ ഹര്‍ത്താല്‍ എനിക്കങ്ങു സുഖിച്ചു. ഹോ!! എനിക്ക് എന്റെ പിള്ളരായിട്ടെങ്ങാനും ജനിച്ചാല്‍ മതിയായിരുന്നു..!!


Thursday, November 3, 2011

ബ്ലോഗ്ഗറോടാ കളി!!



                                    ആദ്യമേ തന്നെ ഞാന്‍ ഒരു കാര്യം പറയട്ടെ,ഞാന്‍ ഒരു തരക്കേടില്ലാത്ത വായാടിയാണ്.സദാസമയവും ഞാന്‍ ഇങ്ങനെ ചെലച്ചോണ്ടേ ഇരിക്കും.പ്രത്യേകിച്ച് അടുപ്പമുള്ളവരോട്.അപ്പോപ്പിന്നെ എന്റെ കെട്ടിയവന്റെ കാര്യം പറയണ്ടല്ലോ.മിക്കവാറും നിസ്സാരകാര്യങ്ങള്‍ പറഞ്ഞു ഞങ്ങള്‍ തമ്മില്‍ വഴക്ക് കൂടാറുണ്ട്.ഞങ്ങള്‍ എന്ന് പറയാന്‍ പറ്റില്ല..ഞാന്‍ വഴക്കുണ്ടാക്കാറുണ്ട് എന്ന് പറയുന്നതാണ് ശരി.അല്ല;എന്നെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.ഇന്നത്തെ ദിവസം വഴക്ക് കൂടണ്ട എന്ന് തീരുമാനിച്ചു മാതൃകാ ഭാര്യയായി മിണ്ടാതിരിക്കുന്ന എന്നോട് പൊന്നപ്പന്‍ ചേട്ടന്‍ ചോദിക്കും;''എന്ത് പറ്റിയെടീ?,നിന്റെ നാവ് ഇറങ്ങി പോയോ??.എന്തെങ്കിലുമൊക്കെ പറഞ്ഞോണ്ടിരിക്ക്.വന്ന് വന്ന്‍ ഇപ്പൊ നിന്റെ ചിലപ്പ്‌ കേട്ടില്ലെങ്കില്‍ രാത്രി ഒറക്കം ശരിയാവുന്നില്ല..'' അല്ല..അപ്പൊ നിങ്ങള്‍ തന്നെ പറയ്‌, ഞാന്‍ ഇങ്ങനെ ആയി പോയത് എന്റെ കുറ്റം കൊണ്ടാണോ?!?..


                            ഇങ്ങനെ പോകുന്ന വഴക്കില്‍ ഇടയ്ക്ക് എനിക്ക് ഇഷ്ടപ്പെടാത്ത കാര്യം പറയുമ്പോള്‍ ഞാന്‍ പൊന്നപ്പന്‍ ചേട്ടനോട്  ചോദിക്കും,'കുനിച്ചുനിര്‍ത്തി ഇടി വേണോ?' എന്ന്.ആദ്യമൊക്കെ അത് കേട്ട് ചിരിക്കുന്ന പൊന്നപ്പന്‍ ചേട്ടനെ കാണുമ്പോള്‍ എനിക്കും ചിരി വരുമായിരുന്നു.പിന്നെപ്പിന്നെ അതില്‍ തമാശയില്ലാതെയായി.അപ്പോഴാണ്‌ ടിവിയില്‍ 'കഥയല്ലിതു ജീവിതം' പ്രോഗ്രാം ഹിറ്റ്‌ ആകുന്നത്‌.അത് കണ്ടു പിന്നെ വഴക്ക് കൂടുമ്പോഴോക്കെ ഞാന്‍ പറഞ്ഞു തുടങ്ങി;''ഇത്തിരി ബഹുമാനത്തിലൊക്കെ നിന്നോ!!കൂടുതല്‍ ഡയലോഗ്  അടിക്കാന്‍ വന്നാല്‍ 'കഥയല്ലിതു ജീവിതത്തില്‍ ' ഒരാഴ്ച്ച എപ്പിസോടാക്കി ഇരുത്തും ഞാന്‍!!.'' അങ്ങനെ വീണ്ടും ഞങ്ങള്‍ ചിരിക്കാന്‍ തുടങ്ങി..


                           ആയിടയ്ക്കാണ് ഞാന്‍ ബ്ലോഗറായത്.അതിനുശേഷം എനിക്ക് കുറച്ചു അഹങ്കാരം കൂടിയിട്ടുണ്ടോന്നൊരു സംശയം!.അല്ല,പണ്ടേ അഹങ്കാരത്തിനു കുറവൊന്നുമില്ല..എന്നാലും സ്വന്തമായി ഒരു ബ്ലോഗ്ഗോക്കെ തുടങ്ങി,അതില്‍ ഒന്ന്-രണ്ടു കിറുമാണി പോസ്റ്റൊക്കെ ഇട്ടപ്പോള്‍ തലയ്ക്ക് കുറച്ചു ഭാരം കുടിയ പോലെ. പോരെ പൂരം!!പിന്നെ തൊട്ടതിനും പിടിച്ചതിനുമൊക്കെ ഞാന്‍ ചേട്ടനോടലറാന്‍ തുടങ്ങി,''എന്നോട് കളിക്കുന്നത് സൂക്ഷിച്ചു വേണം,ബ്ലോഗിക്കളയും ഞാന്‍!!''


                            ഒരിക്കല്‍ എന്റെ ചെലപ്പ്കേട്ട് പൊന്നപ്പന്‍ ചേട്ടന്‍ തലയില്‍ കൈവച്ചോണ്ട് പറഞ്ഞു;''എന്റീശ്വരാ..കയ്യിലെ കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വേടിച്ചെന്നു പറഞ്ഞാല്‍ മതിയല്ലോ..!''.എനിക്ക് മനസ്സിലായില്ല..'കടിക്കുന്ന പട്ടി' എന്നെയാണ് ഉദ്ദേശിച്ചതെന്നു മനസ്സിലായി.പക്ഷെ കാശ് എപ്പോ കൊടുത്തു?എന്റെ അച്ഛനു കൊടുത്തോ!!?ഞാന്‍ ചേട്ടനോട് പറഞ്ഞു;''ഓഹോ..അപ്പൊ നിങ്ങടെ വീട്ടുജോലി ചെയ്യാന്‍ എന്നെ എന്റെ അച്ഛന്റെ കയ്യീന്ന് കാശ് കൊടുത്തു വേടിച്ചതാണല്ലേ!??.'' അപ്പൊ ചേട്ടന്‍ സഹികെട്ട്,''എടീ,പട്ടിക്കുട്ടീ,കാശ് കൊടുക്കാതെ നിന്നെ കെട്ടിവലിച്ചോണ്ട് വരാനുള്ള താലി പിന്നെ നിന്റെ അമ്മായിഅപ്പന്‍ തരുവോടി??.'' ഓ..അങ്ങനെ!! ''അമ്മായിഅപ്പന്‍ തന്നാലും ഇല്ലെങ്കിലും എനിക്ക് വീട്ടുജോലിക്ക് സഹായിക്കാന്‍ ആരെങ്കിലും വേണം.എന്നെക്കൊണ്ട് പറ്റില്ല എല്ലാം കൂടി ഒറ്റയ്ക്ക് കിടന്നു  ചെയ്യാന്‍.''കിട്ടിയ അവസരം ഞാന്‍ മുതലാക്കി.പിന്നെ അത് പറഞ്ഞായി വഴക്ക്.അവസാനം ചേട്ടന്‍ പറഞ്ഞു,''ഓ,ഇനി അതിന്റെ കുറവ് കൂടിയേ ഉണ്ടായിരുന്നുള്ളൂ.ജോലിക്കാരെയൊക്കെ കിട്ടാന്‍ ഇപ്പൊ വല്ല്യ പാടാ..ആ..ഞാന്‍ നോക്കട്ടെ''എന്ന്.    
                   
                                അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ ഞാന്‍ നോക്കിയപ്പോള്‍ പൊന്നപ്പന്‍ ചേട്ടന്‍ ഒരു അമ്മൂമ്മയെ വീട്ടുജോലിക്ക് സഹായിക്കാനായി എവിടുന്നോ തപ്പിക്കൊണ്ടു വന്ന് നിര്‍ത്തിയേക്കുന്നു.കുഴിയിലോട്ടു കാലുംനീട്ടിയിരിക്കുന്ന അവരെക്കൊണ്ട് എങ്ങനെ ജോലി ചെയ്യിപ്പിക്കും എന്ന് സംശയിച്ചുനിന്ന എന്നോട് അവര്‍ ഭയങ്കര സ്നേഹത്തോടെ ഇനി മുതല്‍ എല്ലാക്കാര്യങ്ങളും അവര്‍ ചെയ്തോളാം എന്നും പറഞ്ഞു,തൂക്കാനുള്ള ചൂലും കൊണ്ട് രണ്ടാമത്തെ നിലയിലോട്ടുള്ള സ്റ്റെപ് കയറാന്‍ തുടങ്ങി..എന്റെ കര്‍ത്താവേ!!!പത്ത്-പതിനഞ്ചു മിനിറ്റ് കൊണ്ടാണ് അവര്‍ ഒരു സ്റ്റെപ് കയറുന്നത്,പിന്നെ ഒരു അര മണിക്കൂര്‍ ആ സ്റ്റെപ്പില്‍ തന്നെ ഇരുന്നു അതിന്റെ ക്ഷീണം  തീര്‍ക്കും.പിന്നെ അടുത്ത സ്റ്റെപ്പിലോട്ടു! ഞാന്‍ മനസ്സില്‍ കണക്കുകൂട്ടി ;ഇങ്ങനെ പോയാല്‍ രാത്രിയാകുമ്പോഴേക്കും അങ്ങ് രണ്ടാമത്തെ നിലയിലെത്തും,എന്നിട്ട് പകല് മുഴുവന്‍ സ്റ്റെപ് കയറിയതിന്റെ ക്ഷീണം തീര്‍ക്കാന്‍ രാത്രി അവിടെ കിടന്നുറങ്ങിയിട്ടു രാവിലെ എഴുന്നേറ്റു തൂക്കാന്‍ തുടങ്ങുമായിരിക്കും..പിന്നെ ഇത് മലയിറക്കവും കഴിഞ്ഞു ഭൂമിയിലെത്തണമെങ്കില്‍ കുറഞ്ഞത്‌ ഒരാഴ്ച്ചയെങ്കിലും പിടിക്കും!!ഇത് ശരിയാവൂലാ..ഞാന്‍ മുറിയില്‍ പോയി പൊന്നപ്പന്‍ ചേട്ടനോട് ദേഷ്യത്തില്‍ ചോദിച്ചു,''എങ്ങനെ ഇത്രേം ഒത്തു കിട്ടി?നേരെ ചൊവ്വേ നടക്കാന്‍ പോലും വയ്യാത്ത ഇവരെ കൊണ്ട് ഞാന്‍ എന്ത് ജോലി ചെയ്യിപ്പിക്കാനാ?!.''അപ്പോള്‍ ചേട്ടന്‍,''ശോ!!പതുക്കെപ്പറ!ഇതുതന്നെ ഒപ്പിച്ച പാട് എനിക്കറിയാം.അവരെത്തന്നെ കൊത്തിക്കൊണ്ടുപോകാന്‍ ആള്‍ക്കാരുണ്ടിവിടെ!!.''ഞാന്‍ ചിറികോട്ടി പറഞ്ഞു,''അശ്ശോ!!അവരെ കൊത്തിക്കൊണ്ടു വരാന്‍ ചേട്ടന്‍ കൊറേ പാടുപെട്ടു കാണുമല്ലോ!!എന്തിനാ കൂടുതല്‍ പറയുന്നേ?എനിക്ക് പണി കിട്ടീന്നു പറഞ്ഞാല്‍ മതിയല്ലോ!!.''


                                   രണ്ട്-മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ എനിക്ക് ഒരു കാര്യം മനസ്സിലായി;അമ്മൂമ്മ ഞാന്‍ വിചാരിച്ച പോലല്ല;അതിനേക്കാള്‍ കടുപ്പമാണ്!!ജോലി ചെയ്യാനുള്ള മടിയും,കാശിനോടുള്ള ആക്രാന്തവും,അതും പോരാഞ്ഞു ഭയങ്കര നാക്കും!!ഒരു ദിവസം ഞാന്‍ അവരോടു ചോദിച്ചു,''വയസ്സായത് കൊണ്ട് നടക്കാനൊക്കെ ബുദ്ധിമുട്ടാ അല്ലേ?.'' അത് കേട്ടതും അമ്മൂമ്മയുടെ ഭാവം മാറി!,''ആര് വയസ്സായെന്ന്?!?എനിക്കധികം പ്രായമൊന്നുമില്ല.നിന്റെ ഒക്കെ പ്രായത്തില്‍ എന്നെ ഒന്ന് കാണേണ്ടത് തന്നെയായിരുന്നു.നിന്നെപ്പോലോന്നും അല്ല.ഒരു സുന്ദരിയായിരുന്നു ഞാന്‍!!.ഈ ജീവിതകഷ്ടപ്പാടൊക്കെ കാരണം ഇപ്പൊ വയസ്സ് കൂടുതല് തോന്നിക്കുന്നതാ.."ഭൂലോക സുന്ദരിയാണെന്ന് വിചാരിച്ചിരുന്ന എനിക്ക് അത് അത്ര പിടിച്ചില്ല.അത് മാത്രമല്ല;പലതും പിടിച്ചില്ല.തൂക്കാനാണെന്നും പറഞ്ഞു മുകളിലെ ഞങ്ങളുടെ ബെഡ്രൂമില്‍ പോയി കിടന്നുള്ള ഉറക്കം;ഞാന്‍ വച്ചുണ്ടാക്കി കൊടുക്കുന്നതിനൊന്നും സ്വാദില്ലെന്നും തികയുന്നില്ലെന്നുമുള്ള കുറ്റപ്പെടുത്തല്‍ ;അവരെ കുറിച്ചുള്ള അയല്‍ക്കാരുടെ പരാതി;ടിവിയിലെ പുരാണ സീരിയലുകളോടുള്ള അമിതമായ ആവേശം;;ഇതൊക്കെ അവരുടെ ലീലാവിലാസങ്ങളില്‍ ചിലത് മാത്രം!!എനിക്ക് മടുത്തു!.സഹിക്കവയ്യാതായപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു,ഒരാഴ്ച്ച കൂടി കഴിഞ്ഞിട്ട് പറഞ്ഞു വിടാം..ഇതെങ്ങനെയോ മണത്തറിഞ്ഞ അമ്മൂമ്മയുടെ നാക്ക് ഒന്നുകൂടി ഉഷാറായി..


                       അവസാന ദിവസം അവര്‍ ജോലി ചെയ്യാനായി വന്നപ്പോള്‍ ഞാന്‍ കഴുകാനായി കുറച്ചു പാത്രം എടുത്തു കൊടുത്തിട്ട്  പറഞ്ഞു,''ഇന്നലെ കഴുകിയ ചില പാത്രങ്ങള്‍ ഒന്നും വൃത്തിയായിട്ടില്ല.''എടുത്തടിച്ച പോലെ അമ്മൂമ്മയുടെ മറുപടിയും ഉടനെ വന്ന്,''അതിനു ഞാനെന്തു വേണം?''.എനിക്ക് ദേഷ്യം വന്നു!!ഭയങ്കര ദേഷ്യം!ഞാന്‍ പറഞ്ഞു;''കൂടുതല്‍ വാചകമടിക്കാതെ പെട്ടെന്ന് പാത്രം കഴുകിയെടുക്ക്''.ഉടനെ അവര്‍ ,''കഴുകിയെടുക്കത്തില്ലന്നൊന്നും ഞാന്‍ പറഞ്ഞില്ലല്ലോ.എന്നോട് വെറുതെ ഒടക്കാന്‍ വരല്ലേ..എന്നെ നിങ്ങള്‍ക്ക് ശരിക്കറിഞ്ഞൂടാ..എന്റെ മോനാള് പെശകാ..ഞാന്‍ അവനോടു പറഞ്ഞുകൊടുക്കുവേ!''. ഹേ!എന്ത്?!!എന്നെ ഭീഷണിപ്പെടുത്തുന്നോ?!!അതും ഒരു ബ്ലോഗറെ!!എന്റെ സ്ഥിരം ഡയലോഗിനുള്ള സമയം ആയിരിക്കുന്നു!!ഇനി ക്ഷമിച്ചിട്ടു കാര്യമില്ല.ഞാന്‍ സര്‍വ്വശക്തിയുമെടുത്തലറി,''ദേ പെണ്ണുമ്പിള്ളേ കൂടുതല് എന്നോട് കളിക്കല്ലേ ;ഞാന്‍ ബ്ലോഗിക്കളയും!!''.ഇത് കേട്ടതും അവര്‍ പൂര്‍വ്വാധികം ഉച്ചത്തില്‍ ബഹളമുണ്ടാക്കാന്‍ തുടങ്ങി!!സംസാരം കേട്ട് ചേട്ടന്‍ ഓടി വന്നു.ചേട്ടനെ കണ്ടതും അവര്‍ പറയാന്‍ തുടങ്ങി,''കേട്ടോ മോനെ,'പാത്രം ഞാന്‍ എന്തോ വേണം' എന്ന് ഇങ്ങനെ പതുക്കെ ചോദിച്ചപ്പോള്‍ ദാ ഇവള് എന്നെ ഇംഗ്ലീഷില്‍ ചീത്ത വിളിച്ചു.അവളെന്നെ വിഴുങ്ങി കളയുമെന്നോ ചെത്തിക്കളയുമെന്നോ ഏതാണ്ട് .'' ഞാന്‍ പറഞ്ഞു,''പോടീ തള്ളെ ,നിങ്ങള്‍ക്ക് ചെവി കേള്‍ക്കാനും വയ്യേ??''.അവസാനം ഒരുവിധം ചേട്ടന്‍ അമ്മൂമ്മയെ സമാധാനിപ്പിച്ച് പറഞ്ഞു വിട്ടു.എന്നിട്ട് എന്നോട് വന്നു പറഞ്ഞു,''എടീ,ഒന്നുമില്ലേലും അവര്‍ക്ക് നിന്റെ അമ്മൂമ്മയാവാനുള്ള പ്രായമില്ലേ?അങ്ങനെയൊക്കെ അവരോടു പറയാന്‍ കൊള്ളാമോ?''. ഏ!!ഇതാര്!!മദര്‍ തെരേസ ബനിയനും ബര്‍മുഡയുമിട്ട് എന്റെ മുന്നില്‍ വന്നു നില്‍ക്കുന്നോ!?ഒരു നോബല്‍ പ്രൈസുണ്ടായിരുന്നെങ്കില്‍ കൈയ്യോടെ കൊടുക്കാമായിരുന്നു!!കഴിഞ്ഞയാഴ്ച മുറ്റത്തിടുന്ന ചെരുപ്പ് പട്ടി കടിച്ചുമുറിച്ചെന്നും പറഞ്ഞ് ആ മിണ്ടാപ്രാണിയെ അതിന്റെ തന്തക്കും തള്ളക്കും വിളിച്ച ആളാ!!!!


                                      അന്ന് വൈകുന്നേരം കോളിംഗ്ബെല്ല് അടിച്ചത് ആരാണെന്ന് നോക്കാന്‍ പോയ ഞങ്ങള്‍ അവിടെ കണ്ടത് ആറടി ഉയരവും അതിനൊത്ത ശരീരവും ഉള്ള ഒരു ആജാനബാഹുവിനെയാണ്!!അയാളുടെ മസ്സില് കണ്ടു വാ പൊളിച്ചു നിന്ന ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് അയാളുടെ പുറകില്‍ നിന്നും ഒരു അശരീരി കേട്ടു!!''ദാ;ഇവളാടാ എന്നെ ചെത്തിക്കളയുമെന്ന് പറഞ്ഞത്..ചോദിയ്ക്കടാ അവളോട്‌..''. ഈശ്വരാ!!ഇത് ആ ബ്ലോഗ്ഗിത്തള്ളയല്ല്യോ!!കലിപ്പ്..രംഗം പന്തിയല്ലെന്ന് കണ്ടു ചേട്ടന്‍ ഉടനെ അയാളെ മാറ്റി നിര്‍ത്തി എന്തൊക്കെയോ പറഞ്ഞ ശേഷം 'ഒരു സന്തോഷത്തിനിതിരിക്കട്ടെ' എന്നും പറഞ്ഞു കുറച്ചു കാശെടുത്ത് കൈയ്യില്‍ കൊടുത്ത് എങ്ങനെയെങ്കിലും പറഞ്ഞയച്ചു.എന്നിട്ട് എന്നോട് ദേഷ്യത്തോടെ,''കണ്ടല്ലോ ഇതൊക്കെ!.നിനക്ക് ഇതിന്റെ വല്ല ആവശ്യോം ഉണ്ടായിരുന്നോ??നിന്റെ ഒടുക്കത്തെ ഒരു നാക്ക്!!''.ഞാന്‍ പറഞ്ഞു,''അതവര്‍ക്ക് ചെവി കേള്‍ക്കാന്‍ പറ്റാത്തോണ്ടാ.. ഞാന്‍ ബ്ലോഗ്ഗില്‍ എഴുതുന്ന കാര്യമാ..........'' ''മിണ്ടരുത്!!!ഇനി നീ ബ്ലോഗ്ഗിനെ കുറിച്ചു ഒരക്ഷരം പറഞ്ഞാല്‍ നിന്നെ കൊന്നിട്ട് ഞാന്‍ അതിനെ കുറിച്ച് ബ്ലോഗ്ഗെഴുതും !!എന്നെ നീ വെറുതെ ഒരു ബ്ലൊഗ്ഗറാക്കല്ലേ...''പണി പാളി..എന്റെ നാക്കിന് ഒരു തളര്‍ച്ച പോലെ...ഏയ്..തോന്നുന്നതായിരിക്കും!!!

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Antz Media