ദിവസവും കുറഞ്ഞത് മൂന്ന് നേരമെങ്കിലും ഇങ്ങോട്ട് ഫോണ്‍ വിളിക്കുന്ന എന്റെ ക്ലോസ് ഫ്രണ്ട് നിഷയ്ക്ക്,രണ്ടു ദിവസമായി ഒരു മ്ലാനത!!..രണ്ടു ദിവസമായി ഫോണ്‍ വിളിയില്ല..അങ്ങോട്ട് വിളിച്ചാല്‍ തന്നെയും ജീവിതത്തിനോട് വിരക്തി തോന്നിയ പോലെയുള്ള സംസാരം..ഇനി അവളുടെ ഭര്‍ത്താവും,പൊന്നപ്പന്‍ ചേട്ടന്റെ ക്ലാസ്സ്‌മേറ്റും ആയ രതീഷ് എങ്ങാനും അവളെ കൈ വച്ചോ? ഇന്ന് രണ്ടിലൊന്നറിഞ്ഞിട്ടെ കാര്യമുള്ളൂ..ഞാന്‍ അവളുടെ മൊബൈലിലേക്ക് വിളിച്ചു.അവള്‍ എടുത്ത പാടെ ഞാന്‍ ചോദിച്ചു,
''എന്ത് പറ്റീ നിനക്ക്?രണ്ടു ദിവസമായി ചോദിക്കണമെന്ന് വിചാരിച്ചതാ..ചെട്ടനുമായിട്ടു വഴക്കുകൂടിയോ?''.
നിഷ:- ''ഏയ്..വഴക്കൊന്നുമില്ല.അല്ലെങ്കിലും ക്ഷണികമായ ഈ ലോകത്ത് അല്‍പനേരത്തേയ്ക്ക് മാത്രം കാണുന്ന നമ്മള്‍ മനുഷ്യര്‍ തമ്മില്‍ കലഹിച്ച് സമയം കളയുന്നതില്‍ എന്തര്‍ത്ഥം ആണുള്ളത്?''. ഹേ!!നമ്പര്‍ മാറിപോയോ?ഞാന്‍ ചെവിയില്‍ നിന്നും മൊബൈല്‍ എടുത്ത് നമ്പരിലേക്ക് നോക്കി..ഇല്ല!!മാറിയിട്ടില്ല!!ഇത് ലവള്‍ തന്നെ!!
ഞാന്‍ ചോദിച്ചു,''ഒന്നും പറ്റിയിട്ടില്ലെങ്കില്‍ പിന്നെ നിനക്കെന്താ ഒരുഷാര്‍ ഇല്ലാത്തെ?''.
അവള്‍ ,''ഓ...ഇനി ഉഷാറായിട്ടൊക്കെ എന്തിനാ??മുല്ലപെരിയാര്‍ ഡാം പൊട്ടാന്‍ പോകുവല്ലേ?.ഇനി എറണാകുളമൊക്കെ എത്ര നാളത്തേയ്ക്കാ?!''. ഓ..അപ്പൊ അതാണ് കാര്യം!..അല്ല..അപ്പൊ ഈ മുല്ലപെരിയാര്‍ ഡാം ഇതുവരെ പൊട്ടിയില്ലേ?!?!കുറെ നാള്‍ മുന്‍പ് ഡാം ഇപ്പൊ പൊട്ടും, ഇപ്പൊ പൊട്ടും എന്ന് പറഞ്ഞു പേപ്പറില്‍ ന്യൂസ് വായിച്ചത് ഓര്‍മ്മയുണ്ട്.ഡാം പൊട്ടുന്നതിനു മുന്‍പുള്ള കേരളവും പൊട്ടി കഴിഞ്ഞതിനു ശേഷമുള്ള കേരളത്തിന്റെ പടവും എല്ലാം കൊടുത്തിട്ടുണ്ടായിരുന്നു പേപ്പറില്‍ .ഇങ്ങ് തെക്ക് തിരുവനന്തപുരത്ത് സ്ഥാപനജന്ഗമ വസ്തുക്കളുള്ള ഞാന്‍,പൊട്ടി കഴിഞ്ഞുള്ള കേരളത്തിന്റെ പടത്തില്‍ തിരുവനന്തപുരത്തിനു ഒരു ചുക്കും പറ്റിയിട്ടില്ലലോ എന്ന് ഉറപ്പ് വരുത്തി അതിന്റെ അഹങ്കാരത്തില്‍ ,നാമാവശേഷമാകാന്‍ പോകുന്ന ജില്ലകളിലുള്ള ജനങ്ങളെ ഓര്‍ത്ത്,വര്‍ദ്ധിച്ച് വരുന്ന സഹതാപത്തോടെ മനസ്സില്‍ 'കഷ്ടമായി പോയി ' എന്ന് പറഞ്ഞതും ഒരു സിനിമാകഥ പോലെ മനസ്സില്‍ തെളിഞ്ഞു വന്നു..
ഞാന്‍ അവളെ ആശ്വസിപ്പിക്കാന്‍ പറഞ്ഞു,''ങാ..എന്ത് ചെയ്യാന്‍ പറ്റും നമുക്ക്!!വിധി പോലെ വരട്ടെ!!ദൈവം തരുന്ന ജീവന്‍ ദൈവമായിട്ട് തന്നെ തിരിച്ചെടുക്കുന്നു!..''അപ്പുറത്ത് ഒരു നെടുവീര്‍പ്പിടുന്ന ശബ്ദം ഞാന്‍ കേട്ടു..
ഞാന്‍ തുടര്‍ന്നു..''അല്ലെങ്കില്‍ തന്നെ ഡാം പൊട്ടി കഴിഞ്ഞാല്‍ തമിഴ്നാട്ടില്‍ ലഭിക്കുന്ന വെള്ളം കുറഞ്ഞു അത് അവിടുത്തെ കൃഷിയെ ബാധിക്കും.അങ്ങനെ കേരളത്തിലുള്ള ജനങ്ങള്‍ക്ക് പച്ചക്കറി ലഭിക്കാതാവും.നീ തന്നെ പറ പോഷകാഹാരങ്ങള്‍ കിട്ടാതെ ഇഞ്ചിഞ്ചായി മരിക്കുന്നതാണോ നല്ലത്;അതോ പോഷകസമ്പന്നമായ ആഹാരം ഒക്കെ കഴിച്ച് ഡാം പൊട്ടി സുഖമായി മരിക്കുന്നതോ?''.
അപ്പുറത്ത് നിന്നും ഒരു മൂളല്‍ കേട്ടു.ഞാന്‍ ഒന്ന് കൂടി ഉഷാറായി..''അല്ല നീ എന്തിനാ ഇത്ര പേടിക്കുന്നെ!?ഡാം പോട്ടുന്നെങ്കില്‍ പൊട്ടട്ടെ!!ഇത്ര ഭീരുവാകല്ലേ നീയ്!!ചാകുന്നെങ്കില്‍ ചാകട്ടെ എന്നങ്ങ് വിചാരിക്കണം.നീ ഒറ്റക്കൊന്നുമല്ലല്ലോ;അവിടെ പത്ത് ലക്ഷത്തോളം ജനങ്ങളുമില്ലേ?പിന്നെ ഒരു കാര്യം ഓര്‍ത്താല്‍ ഡാം പോട്ടുന്നെങ്കില്‍ ഈ മാസം തന്നെ പോട്ടുന്നതാ നല്ലത്.അടുത്ത മാസം നീ അവിടെ വീട് പണി തുടങ്ങാന്‍ പോകുവല്ലേ?വീടുപണി പൂര്‍ത്തിയാക്കിയിട്ടെങ്ങാനും ഡാം പോട്ടിയിരുന്നെങ്കിലോ!?!..ഹോ! എനിക്ക് തന്നെ അതോര്‍ത്തിട്ടു സഹിക്കുന്നില്ലാ...''.അപ്പൊ അവള്‍ ,''ഒന്നോര്‍ത്താല്‍ അതും ശെരിയാ..''പിന്നെയും എന്തൊക്കെയോ പറഞ്ഞ ശേഷം ഞാന്‍ ഫോണ്‍ വച്ചു..
വൈകുന്നേരം പൊന്നപ്പന്‍ ചേട്ടന്‍ പതിവിലും നേരത്തെ ഓഫീസില്‍ നിന്നും വീട്ടില്‍ എത്തി..വന്നു കയറിയ പാടെ ആഹ്ലാദത്തോടെ പറഞ്ഞു,''ഒരു സന്തോഷവാര്‍ത്തയുണ്ട് ..'' ഞാന്‍ ആകാംഷയോടെ പൊന്നപ്പന്‍ ചേട്ടന്റെ മുഖത്തേയ്ക്കു നോക്കി..ചേട്ടന്‍ പറയാന്‍ തുടങ്ങി..''നിന്റെ വളരെ കാലമായുള്ള ആഗ്രഹമല്ലായിരുന്നോ ഞാന്‍ എറണാകുളത്ത് കുറച്ചു നാള്‍ ജോലി ചെയ്യണം എന്ന്..എനിക്ക് എറണാകുളത്തെ ഓഫീസിലേക്ക് ട്രാന്‍സ്ഫെറായി..കുറച്ചു കഷ്ടപെട്ടെങ്കിലും അവസാനം ഞാന്‍ അത് ഒപ്പിച്ചെടുത്ത്..ഞാന്‍ ഒരു മിടുക്കന്‍ തന്നെ!!നാളെ തന്നെ നമുക്ക് പോണം..ഇനി നിന്റെ ആഗ്രഹം പോലെ നിഷയുമായി ഒഴിവുസമയങ്ങളില്‍ ഷോപ്പിങ്ങിനോക്കെ പോകാം..സന്തോഷമായില്ലേ നിനക്ക്..നീ രതീഷിനെയും നിഷയെയും വിളിച്ചു പറ..അല്ലെങ്കില്‍ വേണ്ട..ഞാന്‍ തന്നെ പറയാം..''
എന്തതിശയമേ ദൈവത്തിന്‍ സ്നേഹം,എത്ര മനോഹരമേ..!!എന്റെ തലച്ചോറില്‍ എന്തോ പൊട്ടുന്നത് ഞാന്‍ അറിഞ്ഞു..പൊന്നപ്പന്‍ ചേട്ടന്‍ അവരോടു സംസാരിച്ച ശേഷം എനിക്ക് ഫോണ്‍ തന്നു..അവള്‍ ഭയങ്കര സന്തോഷത്തോടെ,''ഇപ്പഴാ ഒരു സമാധാനം വന്നത്..എല്ലാ പ്രശ്നങ്ങളും നമ്മള്‍ക്ക് ഒന്നിച്ച് നേരിടാം.ഞാന്‍ ഇപ്പൊത്തന്നെ കുറച്ച് പച്ചക്കറിയൊക്കെ മേടിച്ച് വയ്ക്കാം..പോഷകാഹാരങ്ങള്‍ ഒട്ടും കുറയ്ക്കണ്ട..ചത്തു കിടന്നാലും ചമഞ്ഞ് കിടക്കണം എന്നല്ലേ..'' പിന്നെയും അവള്‍ എന്തൊക്കെയോ പറഞ്ഞു..ഞാന്‍ ഒന്നും കേട്ടില്ല..
രാത്രി കിടന്നിട്ട് ഒറക്കം വരുന്നില്ല..തിരിഞ്ഞും മറിഞ്ഞുമൊക്കെ കിടന്നു നോക്കി..കുറേനേരം കഴിഞ്ഞ് ഞാന്‍ എഴുന്നേറ്റ് പൊന്നപ്പന്‍ ചേട്ടനെ കുലുക്കി വിളിച്ചുണര്‍ത്തി ചോദിച്ചു,''അല്ല..ഈ മുല്ലപെരിയാര്‍ ഡാമെങ്ങാനും ശരിക്കും പൊട്ടിയാലോ....??!''.