Monday, October 17, 2011

എന്റെ കൊച്ചു കൊച്ചു ഓര്‍മ്മകള്‍ .. :)


 'ഓര്‍മ്മകള്‍ ഓടി കളിക്കുവാന്‍ എത്തുന്ന മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍ ....'..എനിക്ക് സത്യം പറഞ്ഞാല്‍ പഴയ പാട്ടുകള്‍ വല്ല്യ ഇഷ്ടമല്ല...പാട്ടുകളുടെ അര്‍ത്ഥവും വാക്കുകളും ഒന്നും ഞാന്‍ കൃത്യമായി ശ്രദ്ധിക്കാറില്ലാത്തതാവാം കാരണം...ഞാന്‍ ഈണമാണ് ആസ്വദിക്കുന്നത്...അത് കൊണ്ടാവാം എനിക്ക് പല പാട്ടുകളുടെയും ആദ്യവരികള്‍ മാത്രമേ കൃത്യമായി അറിയാവൂ...പക്ഷെ ചില പഴയ പാട്ടുകള്‍ പാടി കേള്‍ക്കുമ്പോള്‍ അതിന്റെ വരികളുടെ അര്‍ത്ഥം അറിയാതെ ശ്രദ്ധിച്ചു പോകാറുണ്ട്....അതില്‍ ഒന്നാണ് ഞാന്‍ മുകളില്‍ പറഞ്ഞ വരികള്‍ ...
                                                    എനിക്കുമുണ്ട് ചക്കര മാവിന്‍ ചുവട്ടില്‍ ഓടി കളിക്കുന്ന ഓര്‍മ്മകള്‍ ...എനിക്ക് ഒരു ഇരട്ട സഹോദരിയുണ്ട്...അതിനാല്‍ കുട്ടിക്കാലത്ത് കൂട്ടുകാരെ അന്യേഷിച്ചു പോകേണ്ട കാര്യമുണ്ടായിരുന്നില്ല...ക്രിസ്തുമസ് കാലമാകുമ്പോള്‍ മിക്ക വീടുകളിലും പുല്‍കൂട് ഉണ്ടാക്കാറുണ്ടല്ലോ...പക്ഷെ ഞങ്ങള്‍ പുല്‍കൂട് കണ്ടിട്ടുണ്ടെന്നല്ലാതെ ഉണ്ടാക്കാന്‍ അറിയില്ലായിരുന്നു...അങ്ങനെ ഒരു ക്രിസ്ത്മസ് അവധിക്കാലം ഞങ്ങള്‍ തീരുമാനിച്ചു ഒരെണ്ണം ഉണ്ടാക്കാം എന്ന്...എന്റെ വീടിനോട് ചേര്‍ന്ന് വിശാലമായ പറമ്പ് ഉണ്ട്...തൊട്ടടുത്ത്‌ തന്നെ ഒരു മാവും....മാവിന്റെ താഴെ പുല്‍ക്കൂടിനുള്ള സ്ഥലം തീരുമാനിച്ചു..അവിടെ ഉള്ള കല്ലും മണലും ഒക്കെ തൂത്ത് മാറ്റി ചെറിയ വഴി പോലെ ഒക്കെ ആക്കി വച്ചു .അവിടെയും ഇവിടെയും ഒക്കെ കിടന്ന കുറച്ചു ചുടുകട്ടകളും കച്ചി തുറുവില്‍ നിന്നുള്ള കുറച്ചു കച്ചിയും കൂടി ആയപ്പോള്‍ പുല്‍ക്കൂടിന്റെ വിദൂരച്ഛായ പോലെ ഉള്ള എന്തോ ഒന്ന് രൂപപ്പെട്ടു വന്നു...താഴെ വീണു കിടക്കുന്ന ചവറു ഒന്ന് എടുത്തു കളഞ്ഞിട്ടു പോകാന്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത മട്ടില്‍ പോകുന്ന ഞങളുടെ ഇതിലുള്ള ഉത്സാഹം കണ്ടു അമ്മയ്ക്ക് അത്ര ദഹിച്ചില്ല...തണുപ്പ് കാലമാണെന്നും അതുകൊണ്ട് രാത്രി ചൂട് കിട്ടാന്‍ പാമ്പോക്കെ അതില്‍ കേറിയിരിക്കുമെന്നും അച്ഛന്‍ ഇതൊക്കെ കണ്ടാല്‍ വഴക്ക് പറയുമെന്നും ഒക്കെ പറഞ്ഞു അമ്മ ഞങ്ങളെ നിരുത്സാഹപ്പെടുത്താന്‍ നോക്കി...അപ്പോള്‍ എല്ലാ വീട്ടിലെ കുട്ടികളും ഇതൊക്കെ ഉണ്ടാക്കുമെന്നും ഞങ്ങളുടെ ക്ലാസ്സില്‍ ഞങ്ങള്‍ മാത്രമാണ് ഇതുവരെ പുല്‍കൂട് ഉണ്ടാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നൊക്കെ പറഞ്ഞു ഞങ്ങള്‍ ഒന്നുകൂടി ഉഷാറായി...ഞങ്ങളുടെ ഉഷാര്‍ കണ്ടിട്ടാണോ അതോ ഞങ്ങളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലാന്നു മനസ്സിലായത്‌ കൊണ്ടാണോ എന്തോ അമ്മ പിന്നെ ഒന്നും പറയാന്‍ നിന്നില്ല...അപ്പോഴാണ് പുല്‍കൂട്ടില്‍ വെയ്ക്കാന്‍ ആള്‍രൂപങ്ങള്‍ ഒന്നും ഇല്ലല്ലോ എന്ന് ഓര്‍ത്തത്‌..ബാക്കി ഉള്ളവരെ വച്ചില്ലെങ്കിലും സാരമില്ല പക്ഷെ ഉണ്ണിയേശുവിനെ വച്ചില്ലെങ്കില്‍ അത് പുല്‍കൂട് ആവില്ല എന്നുമുള്ള ചിന്ത ഞങ്ങളെ കൊണ്ടെത്തിച്ചത് വീട്ടിലെ പൂട്ടിയിട്ടിരിക്കുന്ന ഷോകേസിന് മുന്നില്‍ ...അതില്‍ നിന്നും ഞങ്ങള്‍ ഒരു ചെറിയ മൊട്ടത്തലയന്‍ കുഞ്ഞു പാവയെ അടിച്ചുമാറ്റി ഞങ്ങളുടെ പുല്‍ക്കൂട്ടിലെ ഉണ്ണിയേശു ആക്കി കിടത്തി....അടുത്ത ദിവസം ഞങ്ങള്‍ പുല്‍ക്കൂടിനു പ്രത്യേകം നിയമങ്ങള്‍ ഒക്കെ കൊണ്ട് വന്നു..പുല്‍കൂട് ഇരിക്കുന്ന സ്ഥലം പുണ്ണ്യ സ്ഥലം ആണെന്നും ആയതിലാല്‍ അവിടെ എന്നും രാവിലെ തൂക്കണമെന്നും വിളക്ക് കൊളുത്തണം എന്നും ചെരുപ്പ് ഊരി വെച്ച് മാത്രമേ പുല്‍ക്കൂടിന്റെ അടുത്ത് വരാവൂ എന്നും തീരുമാനമായി...സൗകര്യങ്ങള്‍ കണക്കില്‍ എടുത്തു ചിരട്ടയില്‍ വിളക്ക് കൊളുത്തിയാല്‍ മതിയെന്നും ഉണ്ണിയേശുവിനെ പുല്‍കൂട്ടില്‍ കണ്ടു വീട്ടുകാര്‍ ആരെങ്കിലും തിരിച്ചറിയാന്‍ സാദ്ധ്യത ഉള്ളത് കൊണ്ട് വിശേഷ അവസരങ്ങളില്‍ മാത്രം പുറത്തെടുത്താല്‍ മതിയെന്നും ഞങ്ങള്‍ തീരുമാനിച്ചു...വീട്ടുകാര്‍ പിന്നെ കാണുന്നത് പ്രാര്‍ത്ഥിക്കാനും തൂക്കാനുമൊക്കെ മടിയുള്ള കൂട്ടത്തിലുള്ള ഞങ്ങള്‍ , പുല്‍കൂടിനു മുന്നില്‍ തൂക്കാനുള്ള ചൂലിനായി പരസ്പരം അടികൂടുന്നതും അറിയാവുന്ന സന്ധ്യനാമവും പള്ളിപ്പാട്ടുമോക്കെ മത്സരിച്ചു പാടുന്നതൊക്കെയാണ് .......ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം എന്നുള്ള പാട്ടാണ് എനിക്കിപ്പോ ഓര്‍മ്മ വരുന്നത്....
                                                     അതുപോലെ കുട്ടിക്കാലത്തെ എന്റെ വേറെ ഒരു ഓര്‍മ്മ ആണ് എനിക്ക് പേരിടുന്ന ദിവസം....എനിക്ക് പേരിടുന്ന ദിവസം എന്ന് പറയുമ്പോള്‍ അത് ഇരുപത്തിയെട്ടുകെട്ടല്ല കേട്ടോ..എനിക്ക് ആദ്യം ഇട്ടതു ചെല്ലപ്പേരാണ് , പൊന്നി എന്ന്..എന്റെ ഇരട്ട സഹോദരിക്ക് പിങ്കി എന്നും...ആ പേരുകള്‍ ഇട്ടതു അമ്മയാണ്..പഴയ സിനിമ 'പൊന്നി' കണ്ടു ഇട്ടതാണെന്ന് അമ്മ പിന്നീടു പറഞ്ഞിട്ടുണ്ട്..ഞാന്‍ പറഞ്ഞു വന്നത് എന്റെ ഔദ്യോഗിക നാമത്തെ കുറിച്ചാണ്..ഞങ്ങളുടെ വീടിന്റെ രണ്ടാമത്തെ നിലയിലോട്ടു പോകാനുള്ള സ്റ്റെപ് ഊണ് മുറിയില്‍ ആണ് .ഒരു ദിവസം രാവിലെ അമ്മ ഞങ്ങളെ വിളിച്ചു ആ സ്റ്റെപ്പിന്റെ ആദ്യ പടിയില്‍ ഇരുന്നു...ഞങ്ങള്‍ അമ്മയ്ക്ക് അഭിമുഖമായി തറയിലും...അമ്മ പറഞ്ഞു നിങ്ങള്‍ക്ക് രണ്ടു പുതിയ പേരുകള്‍ സ്കൂളില്‍ വിളിക്കാന്‍ അച്ഛന്‍ കണ്ടുവച്ചിട്ടുണ്ട്...വിനുവും വിജിയും..ഏതാണ് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടത്?കേട്ടപ്പോഴേ ഞാന്‍ മനസ്സില്‍ വിചാരിച്ചു 'അയ്യേ...വിജിയോ...അത് ഒരു മാതിരി ബൊമ്മച്ചട്ടി പിള്ളേര്‍ക്ക് ഇടുന്ന പോലെ ഉണ്ട്...വിനു നല്ല പേര്..അത് മതി എനിക്ക്'...ഉടനെ എന്റെ മനസമാധാനം കെടുത്തികൊണ്ട് പിങ്കി പറഞ്ഞു..'എനിക്ക് വിനു മതി'...അപ്പൊ അമ്മ പറഞ്ഞു...'ആ..അങ്ങനെ തന്നെ ആണ് ഞങ്ങളും തീരുമാനിച്ചിരിക്കുന്നത്..'ഞാന്‍ കരച്ചിലിന്റെ അകമ്പടിയോടെ പറഞ്ഞു...'വേണ്ട..എനിക്ക് വിനു വേണം..'അമ്മ എന്നെ പിടിച്ചിട്ടു പറഞ്ഞു...'അയ്യോ വിജി നല്ല പേരല്ലേ...എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് വിജിയാ'..'ഹുഹും..അല്ല,അത് തടിച്ചികള്‍ക്ക് ഇടുന്ന പേര് പോലെ ഉണ്ട്...എനിക്ക് വേണ്ട..' അപ്പൊ പിങ്കി നെറ്റിചുളിച്ചു എന്നെ നോക്കി കൊണ്ട്‌ പറഞ്ഞു...'കൊച്ചേ അത് നല്ല പേരാ...അതുകൊണ്ടല്ലേ ഞാന്‍ ഇയാള്‍ക്ക് തന്നെ...'ഞാന്‍ മനസ്സില്‍ പറഞ്ഞു...'എടീ ദുഷ്ടീ ..എന്നോട് ഈ ചതി വേണ്ടായിരുന്നു..'പിന്നെ എപ്പോഴോ പേരിനെ കുറിച്ചുള്ള സങ്കടം മറന്നു...
                                            പൊതുവേ കോമഡി സിനിമകള്‍ കാണാന്‍ ഇഷ്ടപെടുന്ന ആളാണ്‌ ഞാന്‍...ട്രാജഡി സിനിമ കണ്ടാല്‍ തന്നെയും അത് വീണ്ടും കാണാനോ ഓര്‍ക്കാനോ എനിക്ക് ഇഷ്ടമല്ല..അതുപോലെ തന്നെ ആണ് വേദനിപ്പിക്കുന്ന ഓര്‍മ്മകളും...അതൊക്കെ മനസ്സിന്റെ ഒരു കോണില്‍ കുഴിച്ചുമൂടി ഇട്ടിരിക്കുകയാണ്...ദൈവാനുഗ്രഹത്താല്‍ അധികം വേദനിപ്പിക്കുന്ന ഓര്‍മ്മകളൊന്നും എനിക്കിതുവരെ ഉണ്ടായിട്ടില്ലാ...പക്ഷെ കുട്ടിക്കാലത്ത് വളരെ വേദനിപ്പിച്ച ചില സംഭവങ്ങള്‍ ഇപ്പൊ ഓര്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്...ഞങ്ങളുടെ സ്കൂളില്‍ അന്ന് ക്ലാസ്സ്‌ കഴിഞ്ഞു കുട്ടികളെ ഓരോ ട്രിപ്പ്‌ ആയിട്ടാണ് കൊണ്ടുപോയ്ക്കോണ്ടിരുന്നത്...ഞങ്ങള്‍ ലാസ്റ്റ് ട്രിപ്പ്‌ ആണ്...അന്ന് ഞാന്‍ രണ്ടിലോ മൂന്നിലോ പഠിക്കുകയാണ്.. ആ ദിവസം പനി കാരണം പിങ്കി വന്നില്ലാ...ക്ലാസ്സ്‌ വിട്ട ശേഷം ഞാന്‍ എന്റെ സെക്കന്റ്‌ ട്രിപ്പ്‌ പോകുന്ന കൂട്ടുകാരി മായയോട്‌ സംസാരിച്ചിരുന്നു...ഫസ്റ്റ് ട്രിപ്പ്‌ പോയിട്ടേ ഉള്ളു...ഇനിയും സമയം ഉണ്ട്...അതുകൊണ്ട് നമുക്ക് മുകളില്‍ പൊയ് വെള്ളം കുടിച്ചിട്ട് വരാം എന്ന് തീരുമാനിച്ചു...വെള്ളം കുടിയും സംസാരവും ഒക്കെ കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ തേര്‍ഡ് ട്രിപ്പിനുള്ള കുട്ടികളെ ക്യൂ നിര്‍ത്തുന്ന കാഴ്ച ആണ് കണ്ടത്....അതുകണ്ടതും മായ കരച്ചിലും നിലവിളിയും തുടങ്ങി..കുട്ടികള്‍ ഒക്കെ കൂടി...ഓരോ ട്രിപ്പിലും എല്ലാ കുട്ടികളും കേറുന്നുണ്ടോ എന്ന് നോക്കേണ്ടത് ആയയുടെ ജോലി ആണ്..ഇത് ശ്രദ്ധിക്കാതിരുന്ന ആയ ഉടനെ വന്നു മായയോട്‌ എവിടെ പോയിരുന്നെന്നൊക്കെ ചോദിച്ചറിഞ്ഞു...ക്ലാസ്സ്ടീച്ചര്‍ വന്നപ്പോള്‍ ആയ പറഞ്ഞു..ഞാന്‍ വാന്‍ വന്നപ്പോള്‍ മായയെ ഇവിടൊക്കെ നോക്കി..പക്ഷെ വിജി ഇതിനേം വിളിച്ചോണ്ട് വെള്ളം കുടിക്കാനായിട്ടു മുകളില്‍ കൊണ്ട്പോയി ..അതാ വാന്‍ കിട്ടാഞ്ഞതു ..എല്ലാവരും എന്നെ കുറ്റവാളിയെ പോലെ നോക്കി..എനിക്ക് വേദനിച്ചു.. ഒരു വലിയ തെറ്റ് ചെയ്തിരിക്കുന്നു..എനിക്ക് ആരെയും അഭിമുഖീകരിക്കാന്‍ വയ്യ...ഞാന്‍ ഒരു മൂലയില്‍ തലകുനിച്ചു നിന്നു..ചോക്കുപൊടി വിഷമാണെന്നും വയറ്റില്‍ പോയാല്‍ മരിച്ചു പോകുമെന്നും അതുകൊണ്ട് അത് കയ്യില്‍ പറ്റിയാല്‍ കൈ കഴുകണം എന്നും അമ്മ പറഞ്ഞു തന്നത് അവിടെ കിടക്കുന്ന ചോക്കുപൊടി കണ്ടപ്പോ എനിക്ക് ഓര്‍മ്മ വന്നു...വേറെ ഒന്നും ആലോചിച്ചില്ല...ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലാ.....ഞാന്‍ കുറച്ചു പൊടി എടുത്തു കഴിച്ചു...പക്ഷെ ഒന്നും സംഭവിച്ചില്ല...അന്ന് ചോക്കുപൊടി കഴിച്ചു ആത്മഹത്യ ചെയ്യാന്‍ പോയ എന്നെക്കുറിച്ച് ഇന്ന് ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു...
            അങ്ങനെ എത്ര എത്ര ഓര്‍മ്മകള്‍ ....ഈ നിമിഷങ്ങളൊക്കെ നാളത്തെ ഓര്‍മകളാണ്....ഓര്‍മ്മകളെ കൈവള ചാര്‍ത്തി വരൂ.....

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Antz Media