Monday, September 19, 2011

മഞ്ഞപ്പിച്ചി


മഞ്ഞ പിച്ചിയോ??അതെന്തു പിച്ചി?ഈ ചോദ്യമായിരുന്നു ആ വാക്ക് ആദ്യമായി കേട്ടപ്പോള്‍ എന്റെ മനസ്സിലും തോന്നിയത്.ഈ വാക്ക് ഞാന്‍ ആദ്യമായി കേട്ടത് എനിക്ക് ഒന്‍പതോ പത്തോ വയസ്സുള്ളപ്പോഴും .വെള്ള പിച്ചി കണ്ടിട്ടുണ്ട്,മണപ്പിച്ചിട്ടുണ്ട് , അതിനേക്കാളുപരി അന്ന് ഞാന്‍ അതിന്റെ ഫാന്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ ആയിരുന്നു .അന്ന് കുടമുല്ല പൂ,പിച്ചി പൂ എന്നൊക്കെ പറഞ്ഞാല്‍ ഒരു ആക്രാന്തമായിരുന്നു.അധികം അടുപ്പം കാണിക്കാതെ ഇരുന്ന എന്നെ അന്ന് വീട്ടില്‍ വേലയ്ക്കു നിന്നിരുന്ന ചേച്ചി എന്റെ ഈ ആക്രാന്തം മുതലെടുത്ത്‌ കൂട്ടുകൂടാനായി, ചേച്ചിയുടെ അടുത്ത വീട്ടില്‍ നിറയെ മുല്ലപ്പൂവും പിച്ചിപ്പൂവും ഉണ്ടെന്നും ഒരു ദിവസം എന്നെ അവിടെ കൊണ്ട് പോകാമെന്നും പറഞ്ഞു ഓഫര്‍ തന്നു.അതില്‍ വീണുപോയ ഞാന്‍ അന്ന് മുതല്‍ മുല്ലപ്പൂ മണക്കുന്ന സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങി. ആ വീട്ടില്‍ പോയി മുല്ലപ്പൂ പറിക്കുന്ന സ്വപ്‌നങ്ങള്‍ കണ്ടതിനു കൈയും കണക്കുമില്ല. ഇഷ്ടം പോലെ പൂ ഉള്ളതിനാല്‍ എല്ലാം കൂടി പിടിക്കാന്‍ കൈകളൊന്നും മതിയാവില്ലന്നും അതിനാല്‍ ഒരു വല്ല്യ പാത്രം അമ്മ കാണാതെ എടുത്തു വെക്കണം എന്നും ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി കാത്തിരുന്നു..എന്നാല്‍ എന്റെ സ്വപ്നത്തിലെ പിച്ചി പൂക്കളെ പാരഗണ്‍ ചപ്പല്‍സ് കൊണ്ട് ചവിട്ടിയരച്ചു കൊണ്ട് അയാള്‍ വന്നു ; ചേച്ചിയുടെ ആങ്ങള..ചേച്ചിക്ക്‌ കല്ല്യാണമായെന്നും അതിനാല്‍ ഇനി ഇവിടെ നില്ക്കാന്‍ പറ്റില്ല എന്നും പറഞ്ഞു അയാള്‍ ചേച്ചിയെ വിളിച്ചുകൊണ്ടു പോയി..അന്നുണ്ടായ എന്റെ സങ്കടം.....ഹോ.....സഹായത്തിനു നിന്ന ആള് പെട്ടെന്ന് പോയപ്പോള്‍ അമ്മയ്ക്ക് ഉണ്ടായ സങ്കടം ഒന്നും എന്റെ സങ്കടത്തിനു മുന്നില്‍ ഒന്നുമല്ലായിരുന്നു...
അങ്ങനെ ഇരിക്കവേ ആണ് ഒരു ദിവസം അവിടെ ചെടികള്‍ വില്‍ക്കുന്ന ആള് വന്നത്.എന്റെ അമ്മയും അച്ഛനും ഏതൊക്കെയോ ചെടികള്‍ നോക്കുകയും എടുക്കുകയും ഒക്കെ ചെയ്യുന്നുണ്ട്...ഞാനും എന്റെ ഇരട്ട സഹോദരിയും അവിടൊക്കെ ചുറ്റിപ്പറ്റി നില്‍പ്പുണ്ട്.അവസാനം അച്ഛന്‍ നമ്മുടെ പിച്ചി ചെടി പോലെ ഇരിക്കുന്ന ഒരു ചെടി നോക്കി ചോദിച്ചു "ഇത് എന്ത് ചെടിയാ?ഇതില്‍ പൂ ഒന്നും ഇല്ലലോ ..."".അപ്പൊ അയാള്‍ പറഞ്ഞു "ഇതാണ് മഞ്ഞ പിച്ചി..ഇപ്പൊ പൂ പിടിക്കുന്ന സമയം അല്ല..അതാ.."..അത് കേട്ടതും എനിക്ക് ഒരു രോമാഞ്ചം ഉണ്ടായി...ഞാന്‍ അത്ഭുതത്തോടെ മനസ്സ് നിറഞ്ഞു ചോദിച്ചു "ശ്ശോ..മഞ്ഞ പിച്ചിയോ!?!?!"..അപ്പൊ അച്ഛന്‍ പറഞ്ഞു "പിന്നേ മഞ്ഞ പിച്ചി..നമ്മളും പിച്ചി ഒക്കെ കണ്ടിട്ടുണ്ട്..കൂടുതല്‍ അങ്ങ് പറ്റിക്കാന്‍ നോക്കണ്ട...ഇവിടെ വേണ്ട" എന്ന് പറഞ്ഞു ബാക്കി എടുത്തു വച്ചിരിക്കുന്നതിനു കാശു ചോദിയ്ക്കാന്‍ തുടങ്ങി..അപ്പൊ അയാള്‍ പറഞ്ഞു 'സത്യമാണ് പറഞ്ഞത്..മഞ്ഞ നിറത്തിലും പിച്ചി ഉണ്ട്..എല്ലാവരുടെ കയ്യിലും കാണില്ല' എന്നൊക്കെ...ഞാന്‍ പതുക്കെ അമ്മയോട് ചെന്ന് പറഞ്ഞു.."അയാള്‍ സത്യമായിരിക്കും പറയുന്നത്...നമ്മുടെ പിച്ചിടെ ഇല പോലെ ഉണ്ടല്ലോ...മഞ്ഞ പിച്ചി കാണാന്‍ നല്ല രസമായിരിക്കും അല്ലേ?.." എന്നൊക്കെ...അവസാനം അയാളുടെ വാഗ്സാമര്‍ത്ഥ്യം കൊണ്ടാണോ അതോ എന്റെ നെഞ്ചുരുകി ഉള്ള പ്രാര്‍ത്ഥന ദൈവം കേട്ടത് കൊണ്ടാണോ എന്തോ അവസാനം അമ്മ പറഞ്ഞു..വാങ്ങിച്ചു നോക്കാമെന്ന് ...അങ്ങനെ വീണ്ടും എന്റെ സ്വപ്‌നങ്ങള്‍ക്ക് മഞ്ഞ കലര്‍ന്ന മുല്ലപ്പൂ വാസന വന്നു തുടങ്ങി..പക്ഷെ പിന്നെയും സ്വപ്‌നങ്ങള്‍ എന്നെ ചതിച്ചു...മാസങ്ങള്‍ കഴിഞ്ഞിട്ടും ആ ചെടിയില്‍ പിച്ചി പൂ പോയിട്ട് ഒരു മൊട്ടു പോലും പിടിച്ചില്ല...അവസാനം എനിക്ക് ഒരു കാര്യം മനസ്സിലായി...ആ പൂക്കച്ചവടക്കാരന്‍ പറ്റിച്ചു...കള്ളന്‍...'ആന കൊടുത്താലും ആശ കൊടുക്കരുത്' എന്ന പഴഞ്ചൊല്ലിന്റെ അര്‍ഥം എനിക്കന്നു മനസ്സിലായി..അയാള്‍ ഒരു കാലത്തും നന്നാവില്ലാ..മഞ്ഞ പ്പിച്ചി പോലും....ഹും...
കാലങ്ങള്‍ കടന്നു പോയി...കാലത്തിനനുസരിച്ച് കോലവും മാറി..പൂ ചൂടുന്നതൊക്കെ കല്യാണം കൂടാന്‍ പോകുമ്പോള്‍ മാത്രമായി..അത് തന്നെ അമ്മ നിര്‍ബന്ധിച്ചാല്‍ മാത്രം...പക്ഷെ മാറാത്തതായി ഒന്ന് മാത്രമുണ്ടായിരുന്നു...ആ മഞ്ഞപ്പിച്ചി..അത് അപ്പോഴും ഒരു മൊട്ടു പോലും പിടിക്കാതെ ഇല മാത്രമായി നിന്നു...എനിക്കു മഞ്ഞപ്പിച്ചിയുടെ പൂച്ചട്ടി പല പൂച്ചട്ടികളില്‍ ഒരെണ്ണം മാത്രമായി മാറി...
അങ്ങനെയിരിക്കെ എന്റെ കല്യാണം കഴിഞ്ഞു ഭര്‍ത്താവിന്റെ ഒപ്പം ലണ്ടനില്‍ വന്നു.സത്യം പറഞ്ഞാല്‍ ഇവിടുത്തെ വസന്തകാലം കണ്ടു എന്റെ കണ്ണ് തള്ളി പോയി..പല തരത്തിലും പല നിറത്തിലും ഉള്ള പൂക്കളാണ് എവിടെ പോയാലും...വസന്തകാലമെന്നാല്‍ അതാണ് വസന്തകാലം എന്നു വരെ എനിക്കു തോന്നിപ്പോയി ...നല്ല വൈകുന്നേരങ്ങളില്‍ ഞാനും ഭര്‍ത്താവും ഈ പൂക്കളുടെ ഭംഗിയും ആസ്വദിച്ചു കൊണ്ട് നടക്കാന്‍ പോകുന്ന പതിവുണ്ട്..അങ്ങനെ പോകുമ്പോള്‍ ഓരോരോ പൂക്കള്‍ കാണുമ്പോള്‍ 'ഇത് കണ്ടിട്ട് നമ്മുടെ നാട്ടിലെ ആ പൂ പോലെ ഉണ്ടെല്ലോ' എന്നൊക്കെ പറഞ്ഞു കൊണ്ടാണ് നടപ്പ്...ഓരോ ദിവസവും പുതിയ പുതിയ വഴികള്‍ ആയിരിക്കും നടക്കുന്നത്...അങ്ങനെ ഉള്ള ഒരു നടത്തത്തിന്റെ വഴിയില്‍ ഒരു ചെടി,പൂക്കളോ,മൊട്ടുകളോ ഇല്ലാതെ നില്‍ക്കുന്നത് കണ്ടു...ഒന്ന് കൂടി നോക്കിയപ്പോള്‍ അത് നമ്മുടെ പഴയ മഞ്ഞ പിച്ചിയുടെ ഇല പോലെ ഉണ്ടല്ലോ എന്നു തോന്നി...ഉടനെ ഞാന്‍ ചേട്ടനോട് പറഞ്ഞു... 'ചേട്ടാ..ഇത് എന്താണെന്ന് പറയാമോ?...ഇതാണ് മഞ്ഞപ്പിച്ചി...'..അപ്പൊ ചേട്ടന്‍ പറഞ്ഞു..'മഞ്ഞപ്പിച്ചി അല്ലെടി..പച്ചപ്പിച്ചി..' എന്നു.....ഞാന്‍ പറഞ്ഞു..'നോക്കിക്കോ...ഇതില്‍ പൂ പിടിക്കുന്നുടെങ്കില്‍ അത് മഞ്ഞ ആയിരിക്കും..'ചേട്ടന്‍ അത് പുഛ്ച്ചിച്ചു തള്ളി ....പിന്നെ കുറച്ചു നാള്‍ മഴ വൈകുന്നെരനടത്തം മുടക്കി ...കുറച്ചു നാള്‍ കഴിഞ്ഞു ഞങ്ങള്‍ അത് വഴി തന്നെ നടക്കാനിടയായി..ദൂരെ നിന്നു ആ ചെടി കണ്ടപ്പോഴാണ് അതിനെ കണ്ട കാര്യം ഓര്‍മ്മ വന്നത്..ഞാന്‍ ഓടി ചെന്ന് നോക്കി...നോക്കിയപ്പോള്‍ എന്നെ അത്ഭുതപെടുത്തികൊണ്ട് അതില്‍ ഒരു ചെറിയ മഞ്ഞ മൊട്ടു.....ഞാന്‍ പറഞ്ഞു...'കണ്ടോ...ഞാന്‍ പറഞ്ഞില്ലേ...ഇത് മഞ്ഞപ്പിച്ചി ആണെന്...അപ്പൊ ചേട്ടന്‍ പറഞ്ഞു..'അത് പിച്ചി ഒന്നും ആയിരിക്കില്ലാ...പിച്ചിയുടെ നിറം നീ ആയിട്ട് ഇനി മാറ്റാനൊന്നും നില്‍ക്കണ്ട...വാ പോകാം'...
പിന്നെയും കുറച്ചു ദിവസം മഴ ഞങ്ങളെ വീടിനകത്താക്കി..മഴ ഒഴിഞ്ഞ ഒരു വൈകുന്നേരം ഞങ്ങള്‍ പഴയ വഴിയിലൂടെ നടന്നു...പതിവ് പോലെ ഞങ്ങള്‍ മഞ്ഞപിച്ചിയുടെ അടുത്തെത്തി..അവിടെ ഞങ്ങളെ കാത്തു ഒരു ചെറിയ മഞ്ഞ പൂവ് വിടര്‍ന്നു നില്‍പ്പുണ്ടായിരുന്നു...ഞാന്‍ അത് പിടിച്ചു മണപ്പിച്ചു നോക്കി..ഹാ...എത്രയോ നാള്‍ എന്റെ ഉറക്കം കെടുത്തിയ എന്നെ സ്വപ്നത്തില്‍ വന്നു മോഹിപ്പിച്ച സുന്ദരീ..ഇത്ര കാലം കഴിഞ്ഞിട്ടാണെങ്കിലും ഇത്ര ദൂരം വന്നിട്ടാണെങ്കിലും നിന്നെ അവസാനം ഞാന്‍ കൈയ്യോടെ പിടിച്ചിരിക്കുന്നു...എന്റെ നില്‍പ്പ് കണ്ടിട്ട് ചേട്ടന്‍ എന്റെ കയ്യില്‍ നിന്നും പൂ വാങ്ങി മണത്തു നോക്കി...'ഹോ ..മഞ്ഞ നിറത്തിലും പിച്ചിയോ..ഭയങ്കരം തന്നെ....ആഹ്..വാ മഴക്കോള്‍ ഉണ്ട്..നമുക്ക് പെട്ടെന്ന് പോകാം'...അപ്പോള്‍ പെട്ടെന്ന് എനിക്കു ആ പൂക്കച്ചവടക്കാരനെ ഓര്‍മ്മ വന്നു....ഇപ്പോള്‍ ജീവിചിരുപ്പുണ്ടോ എന്നു പോലും അറിയാത്ത, രൂപം പോലും ഓര്‍മ്മ ഇല്ലാത്ത പൂക്കച്ചവടക്കരാ, അങ്ങയോടു ഞാന്‍ മാപ്പ് ചോദിക്കുന്നു...മാപ്പ്..


Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Antz Media