Wednesday, October 19, 2011

ഫേസ്ബുക്ക്‌ പുരാണം

 അങ്ങനെ ഞാനും ഫേസ്ബുക്കില്‍ ഒരു അക്കൗണ്ട്‌ തുറന്നു.....കോളേജില്‍ പഠിച്ചോണ്ടിരുന്നപ്പോള്‍ ഓര്‍ക്കുട്ട് പതിവായി ഉപയോഗിച്ചിരുന്നെങ്കിലും പിന്നീട് ജോലി കിട്ടിയ ശേഷം ഇടക്കെപ്പോഴെങ്കിലും അതുവഴി പോയാലായി...അപ്പോഴാണ്‌ ഫേസ്ബുക്കിന്റെ രംഗപ്രവേശം....ഓര്‍ക്കുട്ട് അക്കൗണ്ട്‌ തന്നെ ഡിലീറ്റ് ചെയ്താലോ എന്ന് ആലോചിച്ചോണ്ടിരുന്ന എനിക്ക് ഫേസ്ബുക്കില്‍ ഇറങ്ങണ്ട എന്ന് തീരുമാനിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല...'ഫേസ്ബുക്ക്‌ മനസ്സിലാക്കാന്‍ ആദ്യം കുറച്ചു സമയം എടുക്കും' എന്നും 'ഓര്‍ക്കുട്ട് ആണ് നല്ലത്'  എന്നും സുഹൃത്തുക്കളുടെ അനുഭവം കൂടി കേട്ടപ്പോള്‍ പിന്നെ ആ വഴിക്ക് ചിന്ത പോയിട്ടില്ല....
                               എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഫേസ്ബുക്ക്‌ ആയി താരം...ഓര്‍കുട്ടിനെ അനുകൂലിച്ചു പറഞ്ഞവരുടെയൊക്കെ ഭാവം മാറി...'ഓര്‍കുട്ടോ?!..അതെന്തുവാ സാധനം?!?' എന്നും ഇപ്പോഴും ഓര്‍ക്കുട്ടില്‍ കേറുന്നവരൊക്കെ ജാംബുവിന്റെ കാലത്തുള്ളവരാണെന്നും ഉള്ള മനോസ്ഥിതി പൊതുവേ വന്നു...ഇതൊക്കെ കണ്ടും കേട്ടും മനസ്സ് മടുത്ത ഞാന്‍ അവസാനം ഒരു തീരുമാനമെടുത്തു: ഒരു ഫേസ്ബുക്ക്‌ അക്കൗണ്ട്‌ തുടങ്ങിക്കളയാം...'അവരും അറിയട്ടെ നമ്മളും മോഡേണ്‍ ആണെന്ന്'...
                                അങ്ങനെ വളരെ പ്രതീക്ഷയോടെ ഞാന്‍ ഫേസ്ബുക്കില്‍ വലതു കാല്‍ വച്ച് കയറി...എല്ലാവര്‍ക്കും നീട്ടിപിടിച്ചു ആഡ്റിക്വസ്റ്റ്  അയച്ചു...ഇതിന്റെ സംഗതികള്‍ ഒക്കെ പഠിച്ചു വരുന്നത് വരെ ഫോട്ടോ ഒന്നും ഇടണ്ട എന്ന് തീരുമാനിച്ചു...ഇനി എങ്ങാനും എന്റെ ഫോട്ടോ വല്ലതും ഇട്ടു; അത് വല്ല ആണ്‍പിള്ളാരും കണ്ടു ;അതെടുത്തു വല്ല സൈറ്റിലും കൊടുത്തു;അതുപിന്നെ.....ഹോ..ആലോചിച്ചിട്ട് തന്നെ തലകറങ്ങുന്നു....
                                 ഒന്ന്-രണ്ട്‌ മാസത്തിനകം ഞാനും ഒരു ഫേസ്ബുക്ക്‌ ചുള്ളത്തി ആയി..ഫോട്ടോ ഒക്കെ ലോക്ക് ചെയ്യാന്‍ പഠിച്ച ശേഷം ചിരിച്ചുല്ലസിച്ചു നില്‍ക്കുന്ന ഒരു ഫോട്ടോയും ഇട്ടു...ഇപ്പൊ തന്നെ എല്ലാവരും 'ലൈക്‌' ചെയ്തു മരിക്കും എന്ന് പ്രതീക്ഷിച്ചു ഞാന്‍ ഓരോ അഞ്ചു മിനിട്ട് കഴിയുമ്പോഴും റിഫ്രെഷ് ബട്ടണ്‍ പ്രസ്‌ ചെയ്തുകൊണ്ടെ ഇരുന്നു....പക്ഷെ ഒന്നും സംഭവിച്ചില്ല...ആകപ്പാടെ കിട്ടിയത് സൌമ്യയുടെയും,രാജിയുടെയും ഐഷുന്റെയും കൂട്ടി മൂന്നു 'ലൈക്‌' മാത്രം...എനിക്ക് വിഷമമായി....'ഇതെന്താ...എന്നെ ആര്‍ക്കും ഇഷ്ടമല്ലേ??'..എന്റെ വിഷമം കണ്ടു കൂട്ടുകാരി നിഷ പറഞ്ഞു..
      ''എടീ..ഇങ്ങനെ വിഷമിച്ചിരുന്നിട്ടു ഒരു കാര്യവുമില്ല..നീ കുറച്ചുകൂടി വിശാലമാനസ്കയാവണം.''
      ''മനസ്സിലായില്ല?!?''
      ''അതായത് നീ ഇതുവരെ ആരുടെയെങ്കിലും ഫോട്ടോ 'ലൈക്‌' ചെയ്തിട്ടുണ്ടോ?''
      ''ഉണ്ട്‌...ഉം....സൌമ്യെടെ ഫോട്ടോ ലൈക്‌ ചെയ്തിട്ടുണ്ട്...പിന്നെ നമ്മുടെ ഐഷുന്റേം ചെയ്തിട്ടുണ്ട്....''
 നിഷ അത്ഭുതത്തോടെ  മൂക്കത്ത് വിരല്‍ വെച്ചോണ്ട് ''ശോ!!...നിനക്ക് പത്തു-നാനൂറു ഫ്രണ്ട്സ് ഇല്ലേ!!??എന്നിട്ട് ഈ രണ്ട്‌ പേരുടെ ഫോട്ടോയെ ലൈകീട്ടുള്ളൂ?!!?''

ഞാന്‍ പറഞ്ഞു: ''പിന്നെ എനിക്ക് ഇഷ്ടപ്പെട്ടാല്‍ അല്ലെ ലൈക്‌ ചെയ്യണ്ടേ?''

അപ്പൊ നിഷ ചിരിച്ചോണ്ട് :  ''അതാ ഞാന്‍ പറഞ്ഞത് നീ വിശാലമനസ്കയാവണം എന്ന്...കൊള്ളാമോ കൊള്ളത്തില്ലയോ അതൊന്നും നീ നോക്കണ്ട;കണ്ണടച്ച് അങ്ങ് ലൈകിയേക്കണം..ഒരു ലൈകിനു തിരിച്ചൊരു ലൈക്‌ അതാണ്‌ ഇവിടുത്തെ റൂള്‍ ....പിന്നെ കണ്ട അണ്ടനും അടകോടനും കൂതറകള്‍ക്കും  ഒക്കെ 'സൊ ക്യൂട്ട്' എന്നോ 'യു ലുക്ക്‌ വണ്ടര്‍ഫുള്‍ ' എന്നൊക്കെ ഒരു ഉളുപ്പും ഇല്ലാതെ തട്ടി വിടണം...ഒരാഴ്ച കഴിഞ്ഞു നീ നിന്റെ ഒരു പുതിയ ഫോട്ടോ ഇട്ടു നോക്ക്;അപ്പൊ കാണാം മോളേ അതിന്റെയൊരു എഫെക്റ്റ്.ഇതൊന്നും ഇല്ലാതെ ഇഷ്ടംപോലെ ലൈക്‌ കിട്ടണമെങ്കില്‍ നീ വല്ല ഐശ്വര്യ റായി വല്ലോം ആകണം..''

ഞാന്‍ അത് ഇഷ്ടപ്പെടാത്ത ഭാവത്തില്‍ പറഞ്ഞു:''ഓ പിന്നെ..എനിക്ക് ഇഷ്ടപ്പെടാതെ ലൈക്‌ ഇടാനൊന്നും എന്നെ കിട്ടില്ല....എന്റെ വ്യക്തിത്വം ഒരു ലൈകിനു വേണ്ടി പണയം വെക്കാനും പറ്റില്ലാ....''
       ''അറിയാത്ത പിള്ള ചൊറിയുമ്പോ അറിയും...ഞാന്‍ നിന്റെ വിഷമം കണ്ടപ്പോ പറഞ്ഞന്നേ ഉള്ളു...നിന്റെ ഇഷ്ടം പോലെ ചെയ്യ്‌...''അവള്‍ ഒരു പുച്ഛച്ചിരി  ചിരിച്ചിട്ട് നടന്നു പോയി..
                         
                                        അന്ന് രാത്രി ഫേസ്ബുക്കില്‍ കേറിയപ്പോള്‍ ഞാന്‍ കുടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി...നിഷ പറഞ്ഞതിലും കാര്യമുണ്ട്....അല്ല,അവള്‍ പറഞ്ഞതിലേ കാര്യമുള്ളൂ..ഒരു അഞ്ചു-ആറ് പേര് ആര് എന്ത് ഫോട്ടോ  ഇട്ടാലും ഒരു ലൈക്കും പിന്നെ ആ ഫോട്ടോ ഇട്ടവരുടെ സൌന്ദര്യത്തെയോ അതുമായി ബന്ധപ്പെട്ട സാധനങ്ങളെയോ വാനോളം പുകഴ്ത്തിക്കൊണ്ട്‌ ഒരു കമന്റും ഇടും...ഈ ആറ് പേരുടെ ഗ്രൂപ്പാണ് മിക്ക ഫോട്ടോയും ലൈക്‌ ചെയ്തു വിജയിപ്പിക്കുന്നത്...ആ ഗ്രൂപിലുള്ള 'പുഴുപ്പല്ലന്‍' രാജുവിന്റെ പ്രൊഫൈലില്‍ കയറി നോക്കി..'പുഴുപ്പല്ലന്‍' എന്നത് അവന്റെ ഇരട്ടപ്പേരാണ് കേട്ടോ...അവന്റെ വായിലെ മുന്നിലുള്ള പല്ല് മുഴുവന്‍ പുഴുപ്പല്ല് ആണ് എന്നതാണ് ആ പേര് വിളിക്കാന്‍ കാരണം...ഞാന്‍ അവന്റെ ഫോട്ടോ ആല്‍ബത്തില്‍ കയറി നോക്കി...പതിവുപോലെ പുഴുപ്പല്ലോക്കെ മുഴുവന്‍ വെളിയില്‍ കാണിച്ചു നല്ല വൃത്തികേടായി ചിരിച്ചോണ്ട് നില്‍ക്കുന്ന അവന്റെ മുഖത്തിന്റെ ഒരു ക്ലോസപ്പ് ഫോട്ടോ...ആ ചിരി കണ്ടു തലപെരുത്തു താഴോട്ടു നോക്കിയ എന്റെ കണ്ണില്‍ ഇരുട്ട് കയറി..എന്റെ ദൈവത്തമ്പുരാനേ!!!! നാല്‍പ്പത്തിയാറ് ലൈകും മുപ്പതു കമന്റ്സും!!!!അതും പോരാഞ്ഞ് 'ബൂട്ടിഫുള്‍ സ്മൈല്‍ ' എന്നും 'ക്യൂട്ട് സ്മൈല്‍ ' എന്നുമൊക്കെ ഓരോത്തികള്‍ എഴുതി പിടിപ്പിച്ചിട്ടുണ്ട്..ഹോ...മടുത്തു...ജീവിതം തന്നെ മടുത്തു...നിഷ പറഞ്ഞതെത്ര ശരി..ഇനി ഒന്നും കാണാനുള്ള ശേഷി ഇല്ലെനിക്ക്....കമ്പ്യൂട്ടര്‍ ഓഫ്‌ ചെയ്തിട്ട് ഉറങ്ങാന്‍ കിടന്നു...എത്ര ശ്രമിച്ചിട്ടും ഉറങ്ങാന്‍ പറ്റുന്നില്ലാ...മനസ്സില്‍ ഒരു വടംവലി നടക്കുന്നത് അറിഞ്ഞു....ഇടക്കെപ്പോഴോ ഉറങ്ങി...പുഴുപ്പല്ലന്‍ രാജു അപ്പോഴും മനസ്സിലെവിടെയോ നിന്ന് ചിരിക്കുന്നുണ്ടായിരുന്നു...
                         
                                              രാവിലെ പതിവിലും നേരത്തേ എഴുന്നേറ്റു...നേരെ കമ്പ്യൂട്ടര്‍ ഓണ്‍ ആക്കി ഫേസ്ബുക്കില്‍ കയറി...ഫ്രണ്ട്സ് ലിസ്റ്റില്‍ നിന്നും രാജു ചന്ദ്രനെ എടുത്തു...അവന്റെ ഫോട്ടോ ആല്‍ബത്തില്‍ കയറി ഫോടോ എടുത്തു ഇട്ടു...ആ ഫോട്ടോയില്‍ ഒന്ന് കൂടി നോക്കാന്‍ ശേഷിയില്ലാത്തതിനാല്‍ നേരെ താഴേക്കു പൊയ് ലൈക്‌ ബട്ടണ്‍ പ്രസ്‌ ചെയ്തു കമന്റ്‌ ബോക്സില്‍ ടൈപ്പ് ചെയ്യാന്‍ തുടങ്ങി: ''ഹാ....യുവര്‍ സ്മൈല്‍ ഈസ്‌ സോ ബൂട്ടിഫുള്‍ ...'' ..അങ്ങനെ പൊന്നിയും വിശാലമനസ്കരുടെ ലോകത്തേയ്ക്ക്......
               

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Antz Media