Monday, October 24, 2011

ഒരു സന്തോഷ്‌ പണ്ഡിറ്റും ഒരു കൂട്ടം മലയാളികളും


                              ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്....ഇന്ത്യയിലെ എല്ലാ  പൌരന്മാര്‍ക്കും പൌരികള്‍ക്കും അവരുടേതായ വ്യക്തി സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഉണ്ട്...അങ്ങനെയുള്ള രാജ്യത്തിന്റെ ഇങ്ങുതാഴെ കിടക്കുന്ന സംസ്ഥാനമായ കേരളത്തില്‍ സന്തോഷ്‌ പണ്ഡിറ്റെന്ന ഒരു പൌരന്‍ തന്റെ വ്യക്തി സ്വാതന്ത്ര്യം വിനിയോഗിച്ചു ഒരു സില്‍മാ പിടിച്ചപ്പോള്‍ ഞാനുള്‍പ്പടെയുള്ള മലയാളികള്‍ക്ക് ഹാലിളകി.
                               
                              സിനിമയുടെ സ്ക്രീനില്‍ നായക സ്ഥാനത്ത് സുന്ദര മുഖങ്ങള്‍ മാത്രം കണ്ടു ശീലമുള്ള നമ്മള്‍ മലയാളികളെ മൊത്തത്തില്‍ വെല്ലുവിളിച്ചുകൊണ്ട് കറുത്ത് മെലിഞ്ഞു പല്ലുന്തിയ സന്തോഷണ്ണന്‍ വായില്‍ തോന്നിയ പാട്ടും പാടി കൌമാരക്കാരികളുമായി നൃത്തം ചവിട്ടി..ഇത് കണ്ട ബ്ലടി മല്ലൂസ്സിന്റെ ധാര്‍മിക ബോധം സടകുടഞ്ഞെഴുന്നേറ്റു...എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരായി  കാണേണ്ട ഈ രാജ്യത്ത് സന്തോഷ്‌ പണ്ഡിററ് ഒരു കൌമാരക്കാരിയുമായി ആടിപ്പാടുന്നോ ? ഇത് ചോദിക്കാനും പറയാനും ആരുമില്ലേ ഇവിടെ?കാശ് വാങ്ങി അഭിനയിച്ച ആ പെങ്കൊച്ചിനോ അതിന്റെ വീട്ടുകാര്‍ക്കോ ഒരു പരാതിയുമില്ല...എന്നാല്‍ കേരളത്തിലെ സഹോദരന്മാര്‍ക്ക് ഇതൊന്നും കണ്ടുനില്‍ക്കാനുള്ള കരളുറപ്പുണ്ടായില്ല...അവര്‍ സന്തോഷണ്ണനെ തെറിവിളിച്ചു, പോരാഞ്ഞു ചില സഹോദരന്മാര്‍ കണ്ണീരോടെ ചോദിച്ചു "ആ സഹോദരിയെ ഇനി ആര് കെട്ടും ?" ഈ പറഞ്ഞതു  ന്യായം.. സ്വന്തം വീട്ടിലെ കെട്ടുപ്രായം കഴിഞ്ഞ്‌ നില്‍ക്കുന്ന പെങ്ങളെ ഓര്‍ത്തു പോലും ആ സഹോദരന്റെ തലമണ്ട ഇത്രയും പുകഞ്ഞിട്ടുണ്ടാവില്ല.

            അപ്പോഴാണ് ആരോ സന്തോഷണ്ണന്റെ  ഇന്റര്‍വ്യൂ പിടിച്ചു നെറ്റില്‍ ഇടുന്നത്. പോരേ പൂരം!! നമ്മെളെല്ലാം കൂടി ഗ്രഹണിപ്പിള്ളാര് ചക്ക കൂട്ടാന്‍ കിട്ടിയത് പോലെ ഇന്റര്‍വ്യൂ കാണാന്‍ ഇടികൂടി. ഇന്റര്‍വ്യൂ കണ്ടു ഞാനും ഇട്ടു ഒരു കമന്റു, പണ്ഡിറ്റണ്ണനെ  എന്റെ നിലവാരത്തില്‍ ചീത്തവിളിച്ചോണ്ട്. ഹോ! ഒരാളെ പരസ്യമായി ആക്ഷേപിച്ചപ്പോള്‍ മനസ്സിനെന്തൊരാശ്വാസം!!!ഒള്ളത് പറയണമല്ലോ; അന്നു രാത്രി ഞാന്‍ സുഖമായി കിടന്നുറങ്ങി.

           എന്നാല്‍ 'എന്നെ തെറി വിളിച്ചേ!!' എന്നും പറഞ്ഞു കരഞ്ഞു നിലവിളിച്ചു പോലീസില്‍ പരാതി കൊടുത്ത്‌ ചളമാക്കാനൊന്നും സന്തോഷേട്ടനെ കിട്ടത്തില്ല. ആ സമയം കൊണ്ട് ഇന്റര്‍വ്യൂ ചെയ്യാന്‍ വരുന്നവരെയോ ചാനലുകളെയോ നിരാശരാക്കാതെ കേരളത്തിലെ അതിബുദ്ധിമാന്മാരായ ജനങ്ങള്‍ക്ക്  ചീത്തവിളിക്കാനായി അതിവിശാലമായ ഷോറൂമുണ്ടാക്കികൊടുക്കുകയും അതുവഴി പത്തുപുത്തനുണ്ടാക്കുകയും ചെയ്തു സന്തോഷണ്ണന്‍.

           അപ്പോഴാണ്‌ അതു സംഭവിക്കുന്നത്‌..'കൃഷ്ണനും രാധയും' റിലീസ് ചെയ്യുന്നു!റിലീസാവുന്നതിന്റെ തലേന്ന് ടിവി വച്ചാല്‍ , ഫേസ്ബുക്കില്‍ കയറിയാല്‍ എല്ലാം ഒരു സന്തോഷ്‌ മയം!!റിലീസായപ്പോഴോ??അവിടെയെല്ലാം ഹൌസ്ഫുള്ളും...അല്ല എങ്ങനെ ഹൌസ്ഫുള്ളായി??ആര് ഹൌസ്ഫുള്ളാക്കി??പണ്ഡിറ്റണ്ണന്‍ തിയേറ്ററിന്റെ  മുമ്പില്‍ നിന്ന് കത്തി കാട്ടി ആള്‍ക്കാരെ കയറ്റിയതല്ല എന്നുള്ളത് ഉറപ്പാണ്...സന്തോഷണ്ണനെ കല്ലെറിഞ്ഞവരും കല്ലെറിയാത്തവരും തലയില്‍ മുണ്ടിട്ടും മുണ്ടിടാതെയും സ്വന്തം പോക്കറ്റില്‍ നിന്നും കാശെടുത്ത് ആദ്യ ദിവസം തന്നെ പോയി പടം കണ്ടു....എന്തൊരു സന്തോഷം എല്ലാവരുടെയും മുഖത്ത്!!അങ്ങനെ എല്ലാം ശുഭം !!

              പക്ഷെ തിയേറ്ററില്‍ നിന്നും പടം കണ്ടിറങ്ങിയ ചില അതിബുദ്ധിമാന്മാര്‍ ഫേസ്ബുക്കില്‍ കയറി ചൂട് പിടിച്ച ചര്‍ച്ചയ്ക്ക് തിരികൊളുത്തി..'എന്തുപറ്റി നമ്മുടെ മലയാളസിനിമയ്ക്ക്!!??ഇത് എവിടെ പോയി അവസാനിക്കും??ഇങ്ങനെ പോയാല്‍ നമ്മുടെ മലയാളസിനിമാ പൈതൃകത്തിന് കോട്ടം സംഭവിക്കില്ലേ?!?..' ചിനിമാ പൈതൃകം!!! ഒലക്കേടെ മൂട്!!!എല്ലാം പോയി തുലയട്ടെ!!

             അതിനിടയ്ക്ക് ചില പുതുമുഖ സംവിധായകര്‍ക്ക് ഇരിക്കപ്പൊറുതിയില്ല...എന്തൊക്കെയായിരുന്നു?!?!മലപ്പുറം കത്തി..മെഷീന്‍ ഗണ്ണ്..അതിന്റെയിടയിലേക്കാണ് ഫെവിക്കോള്‍ ഒട്ടിച്ച ഒരു ചുള്ളിക്കമ്പും കൊണ്ടുവന്നു കൈനനയാതെ മീന്‍പിടിച്ചു പണ്ഡിറ്റ്ജി പാട്ടും പാടി പോയത്...
                 
              അല്ല എന്തിനാ കൂടുതല് പറയുന്നേ??ഒരു കാലത്ത് ചീത്തവിളിച്ചു കമ്മെന്റെഴുതിയ ഞാന്‍ ഇപ്പൊ സന്തോഷണ്ണനെ കുറിച്ച് ബ്ലോഗെഴുതുന്നു...ശരിയാവൂലാ...ഈ മലയാളികളൊന്നും ഒരുകാലത്തും ശരിയാവൂലാ...

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Antz Media