Saturday, November 5, 2011

പെട്രോള്‍ ആണ് താരം!!


                                       അങ്ങനെ പ്രതീക്ഷയോടെ കാത്തിരുന്ന ആ ദിവസം വന്നെത്തി. ഇന്ന് ഹര്‍ത്താല്‍ !!. എന്നാലും മനസ്സിലൊരു നഷ്ടബോധം. ഈ ഹര്‍ത്താല്‍ വെള്ളിയാഴ്ച ആയിരുന്നെങ്കില്‍ അടുപ്പിച്ച്  ഒരു മൂന്ന് ദിവസം അവധി കിട്ടിയേനെ. അല്ലെങ്കിലും ഒരു ആവശ്യത്തിനു നോക്കുമ്പോള്‍ ഹര്‍ത്താലും പണിമുടക്കും. ആ.. ഇനി ഒള്ളത് കൊണ്ട് ഓണം പോലെ!!. ഇന്ന് എന്തിനാണാവോ പണിമുടക്ക്?. ബെഡില്‍ നിന്നും നേരെപോയി ഫേസ്ബുക്കിന്റെ മുന്നിലിരുന്നു. പത്രം വായന, വാര്‍ത്ത കേള്‍ക്കല്‍ ഇങ്ങനെയുള്ള ദുശ്ശീലങ്ങളൊന്നും ഇല്ലാത്ത ഞാന്‍, എന്തെങ്കിലും അത്യാവശ്യമുള്ള ന്യൂസ്‌ ഒക്കെ അറിയുന്നത് ഫേസ്ബുക്കില്‍, രാഷ്ട്രീയത്തില്‍ ആരോ കൈവിഷം കൊടുത്ത കൂട്ടുകാര്‍ അപ്ഡേറ്റ് ചെയ്യുന്ന സ്റ്റാറ്റസ് വഴിയാണ്. അല്ലെങ്കിലും പഠിക്കുന്ന കാലത്തേ ഞാന്‍ ഇകണോമിക്സില്‍ വീക്കാ!!.

                                         ഓ, അപ്പൊ അതാണ് ഇന്നത്തെ പണിമുടക്കിനുള്ള കാര്യം.. ഫേസ്ബുക്കില്‍ മുഴുവന്‍ പെട്രോള്‍ ആണ് താരം!. ഞാന്‍ ഒരുവിധം എല്ലാ സ്റ്റാറ്റസ് അപ്ഡേറ്റ്സിലൂടെയും ഒന്ന് ഓടിച്ചു നോക്കി. വിചാരിച്ച പോലല്ല; പെട്രോള്‍ ആണ് വില്ലന്‍, അതാണ്‌ ശരി. എനിക്ക് എല്ലാം മനസ്സിലായി. എന്റെ ഒരു കാര്യം! ഫേസ്ബുക്ക് കണ്ടുപിടിച്ച മാര്‍ക്ക് എന്തരോ ബര്‍ഗിനെ മനസ്സാനമിച്ചു കൊണ്ട്‌; 'ഇപ്പൊ എന്തോ സംഭവിക്കും' എന്ന മുഖഭാവത്തോടെ ഏതു നേരവും ടിവി വാര്‍ത്തയുടെ മുന്നിലിരിക്കുന്ന എന്റെ ഭര്‍ത്താവടക്കമുള്ള വിഡ്ഢികുശ്മാണ്ടങ്ങളെ ഓര്‍ത്തു ഒരു  പുച്ഛച്ചിരി ചിരിച്ച് പൊന്നി അടുക്കളയിലേക്ക്...

                                         പ്രാതലിനുള്ള ഭക്ഷണമുണ്ടാക്കി, പൊന്നപ്പന്‍ ചേട്ടനെ ടിവിയുടെ മുന്നില്‍ നിന്നും വലിച്ചിളക്കി കൊണ്ടുവന്ന് അതിന്റെ മുന്നില്‍ പ്രതിഷ്റിച്ചു. പൊന്നപ്പന്‍ ചേട്ടന്‍ പറയാന്‍ തുടങ്ങി.. എന്ത് പറയാന്‍ തുടങ്ങി?? ആ.. ആര്‍ക്കറിയാം?!!ടിവിയുടെ മുന്നില്‍ നിന്നും ഇപ്പൊ വന്നതേ ഉള്ളതിനാല്‍ രാഷ്ട്രീയത്തെ കുറിച്ചും നാടിന്റെ ഇനിയുള്ള ഭാവിപരിപാടികളെ കുറിച്ചുമൊക്കെയായിരിക്കും സംസാരം. അതിന്റെ കെട്ട് വിടാന്‍ കുറച്ച്‌ സമയമെടുക്കും. ആ സമയം കഴിഞ്ഞ ആഴ്ച വേടിച്ച ചുരിദാറിനെയോ ഇനി ഞാന്‍ വേടിക്കാന്‍ പോകുന്ന ചുരിദാറുകളുടെ ഭാവി പരിപാടികളെയോ ഒക്കെ കുറിച്ചാവും എന്റെ ചിന്ത.

                                        അങ്ങനെ ചിന്തിച്ചു കൊണ്ടിരുന്ന കൂട്ടത്തില്‍ ചേട്ടന്‍ പെട്രോളിനെ കുറിച്ച് എന്തോ പറഞ്ഞു. ഞാനും അത്ര മണ്ടിയല്ലെന്നും പെട്രോള്‍ കുത്തക കമ്പനികളെയും രാഷ്ട്രീയ സാമ്രാജ്യത്വത്തെയും   ഓര്‍ത്ത് ഒറക്കമില്ലാത്ത രാത്രികള്‍ കഷ്ടപ്പെട്ട് തള്ളിനീക്കുകയുമാണെന്നും തെളിയിക്കാന്‍ ഇതാ ഒരു സുവര്‍ണ്ണാവസരം!!. ഞാന്‍ ഫേസ്ബുക്കില്‍ വായിച്ചതിന്റെ ഓര്‍മയില്‍ തട്ടിവിട്ടു, "ഹോ! ഈ എണ്ണ കുത്തക കമ്പനികള്‍ക്ക് വേണ്ടിയാണോ, അതോ ജനങ്ങള്‍ക്ക്‌ വേണ്ടിയാണോ ഈ ഗവണ്‍മെന്റ് നാട് ഭരിക്കുന്നത്‌?". ചേട്ടന്‍ എന്നെ നോക്കി അത്ഭുതത്തോടെ ചിരിച്ചു. ഉം.. എന്നെ കുറിച്ച് മതിപ്പ് കൂടിയിട്ടുണ്ട്. എനിക്ക് ആത്മവിശ്വാസം കൂടി... "ഇതൊക്കെ ആ കുത്തകകളുടെ പണി തന്നെയാ... എനിക്ക് സംശയമില്ല!!" ഞാന്‍ കത്തികയറി, "എണ്ണ കമ്പനികള്‍ നഷ്ടത്തിലാണെങ്കില്‍ കമ്പനി അടച്ചുപൂട്ടട്ടെ! അവര്‍ എന്തിനാ നമ്മള്‍ ജനങ്ങളെ കൊള്ളയടിക്കുന്നത്‌?. ഗവര്‍ന്മെന്റ് നോക്കുകുത്തിയായത്‌ കൊണ്ടല്ലേ ഇതൊക്കെ നടക്കുന്നത്!!". ഹോ! വായില്‍ കൊള്ളാത്തതൊക്കെ വിളിച്ചുപറഞ്ഞപ്പോള്‍ എന്തൊരാശ്വാസം.. കുറച്ച്‌ ചായ എടുത്ത് കുടിച്ച് ഞാന്‍ ചേട്ടന്റെ മുഖത്ത് നോക്കി. ചേട്ടന്റെ മുഖത്തെ ചിരി മാഞ്ഞു. ചേട്ടന്‍ ഒരു ദാക്ഷണ്യവുമില്ലാതെ എന്റെ മുഖത്ത് നോക്കി ചോദിച്ചു, " കമ്പനി അടച്ചു പൂട്ടിയാല്‍ പിന്നെ നീ നിന്റെ വീട്ടില്‍ നിന്ന് കുഴിച്ചു കൊണ്ടു വരുമോടി പെട്രോള്‍?". എന്തര്!! വിടര്‍ന്നു വരുന്ന നവമുകുളത്തെ മുളയിലെ നുള്ളികളയുന്നോ!?!. ചേട്ടന്റെ മുഖം കണ്ടപ്പോള്‍ തികട്ടി വന്ന പെട്രോള്‍ ചോദ്യങ്ങള്‍ ഞാന്‍ അപ്പാടെ വിഴുങ്ങി.

                                       ചേട്ടന്‍ പറയാന്‍ തുടങ്ങി, "കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെ, കുറച്ചുപേര്‍ പറയുന്നത് മാത്രം കെട്ട് അതേറ്റ്പാടിക്കൊണ്ട്  നടക്കുന്നത്  മണ്ടത്തരമാണ്. എണ്ണവില കൂട്ടിയത് ഏതെങ്കിലും കുത്തക കമ്പനികളല്ല, ഗവര്‍ന്മെന്റ്  തന്നെ സ്ഥാപിച്ച പൊതുമേഖലാ സ്ഥാപനങ്ങളാണ്. അതു തന്നെയുമല്ല ഈ കമ്പനികളൊക്കെയും അന്താരാഷ്ട്രമാര്‍ക്കറ്റില്‍ നിന്നും ക്രൂഡോയില്‍ വാങ്ങി അതിനെ സംസ്കരിച്ചു ഡീസലും പെട്രോളുമൊക്കെയാക്കി നമ്മള്‍ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ ലോകത്തില്‍ എണ്ണയുടെ ഉപഭോഗം മൊത്തത്തില്‍ കൂടുകയും ലഭ്യത കുറഞ്ഞു വരുകയുമാണ്. അപ്പൊ സ്വാഭാവികമായും അന്താരാഷ്ട്രമാര്‍ക്കറ്റില്‍ എണ്ണക്ക് വിലകൂടിക്കൊണ്ടിരിക്കും... എന്തുകൊണ്ടാണ് ഡീസലിന് വിലകൂടുമ്പോള്‍ പ്രൈവറ്റ്ബസ്സുകാര്‍ പണിമുടക്കുന്നത്? അവര്‍ വിലകൊടുത്ത് വാങ്ങുന്ന ഡീസലിന് വിലകൂട്ടി; അതുകൊണ്ട് അവര്‍ക്ക് ടിക്കറ്റിന് വിലകൂട്ടാതെ പിടിച്ചുനില്ക്കാന്‍ കഴിയില്ല ,എന്ന ന്യായം പറഞ്ഞു കൊണ്ട്. ഇതേ ന്യായം തന്നെയാണ് വില കൂട്ടുന്ന ഹോട്ടലുകാര്‍ക്കും പച്ചകറിക്കടക്കാര്‍ക്കും  ഓട്ടോക്കാര്‍ക്കും ഒക്കെ പറയാനുള്ളത്. ഇപ്പൊ എണ്ണകമ്പനികള്‍ ചെയ്യുന്നതും ഇതേ ന്യായത്തിന് പുറത്താണ്. പക്ഷെ ഇവടെയുള്ള വ്യത്യാസം എണ്ണകമ്പനികള്‍ വിലകൂട്ടുന്നത് വ്യക്തമായ കണക്കുകള്‍ക്ക്‌ പുറത്താകുമ്പോള്‍ , പെട്രോളിനോ ഡീസലിനോ ചെറുതായി വിലകൂട്ടി എന്ന പേരുംപറഞ്ഞു ഹോട്ടലുകളും ബസ്സുകളും വിലകൂട്ടുന്നത് കയ്യുംകണക്കുമില്ലതെയാണ്. പഴി മുഴുവന്‍ കേന്ദ്രം ഭരിക്കുന്ന താടിക്കാരനും. ഗവണ്‍മെന്റിന് ആകപ്പാടെ ഇതില്‍ ചെയ്യാന്‍ കഴിയുന്നത്‌ സ്വന്തം പോക്കറ്റില്‍ നിന്നും കാശെടുത്ത് കൊടുത്ത് , എണ്ണക്ക് സബ്സിഡി കൊടുത്തു വിലപിടിച്ചു നിര്‍ത്താം എന്നുള്ളതാണ്. പക്ഷെ ഇതു ചെയ്യുന്നത് വഴി സംഭവിക്കുന്നത്‌ ഈ കാശു കൊണ്ട് ചെയ്യാന്‍ വച്ചിരുന്ന വികസനപ്രവര്‍ത്തനങ്ങള്‍ നടക്കാതെ പോവുകയും, പെട്രോളിയത്തിന്റെ ലഭ്യത കുറയുന്നത് ജനങ്ങള്‍ അറിയാതെ പോവുകയും ചെയ്യുമെന്നതാണ്. ഉദാഹരണത്തിന്, ജാടയ്ക്ക് ബൈക് വിറ്റു കാറ് വാങ്ങി അതില്‍ ഒറ്റയ്ക്ക് എന്നും ഓഫീസില്‍ പൊയാല്‍ ലോകം മുഴുവന്‍ പെട്രോളിന് വില കൂടുമ്പോഴും ഞാന്‍ അതറിയാതെ ഗവണ്‍മെന്റിന്റെ ചിലവില്‍ എന്റെ ധാരാളിത്തം തുടര്‍ന്ന് കൊണ്ടേയിരിക്കും. ഇതില്‍ കുറച്ചു കാര്യങ്ങള്‍ ഗവണ്‍മെന്റിന് ചെയ്യാന്‍ പറ്റുന്നതായി ഉണ്ട്; റോഡുകള്‍ക്ക് വീതികൂട്ടി ട്രാഫിക്‌ സുഗമമാക്കി അതു വഴി എണ്ണയുടെ ഉപയോഗം കുറയ്ക്കാനാകും. അപ്പോള്‍ നമ്മള്‍ തന്നെ അതിനു മുടക്കം നില്‍ക്കും. വേറൊരു കാര്യം ചെയ്യാവുന്നത്, എണ്ണക്ക് പകരം മറ്റു ഇന്ധനങ്ങള്‍ കണ്ടു പിടിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിവെയ്ക്കാം. പക്ഷെ അവിടെയും ഗവണ്‍മെന്റ് നിയമിക്കുന്ന  മിടുക്കന്മ്മാര്‍ കിടന്നുറങ്ങിയും, ശമ്പളം കൂട്ടാന്‍ വേണ്ടി സമരം ചെയ്തും സമയം കളയും. അതിലും മിടുക്കന്മാര്‍ ലോങ്ങ്‌ ലീവെടുത്ത് പുറത്തുപോയി ആ സമയം കൊണ്ട് പത്തു പുത്തനുണ്ടാക്കുകയും ചെയ്യും."

                                           "നീ ഒരു കാര്യം ആലോചിച്ചു നോക്ക്, വ്യക്തമായ കണക്കുകളോട് കൂടി എണ്ണകമ്പനികള്‍ വില ചെറുതായി കൂട്ടുന്നതാണോ നമ്മള്‍ പേടിക്കേണ്ടത്, അതോ അതിന്റെ പേരും പറഞ്ഞു യാതൊരു കണക്കുമില്ലാതെ  വിലകൂട്ടാന്‍ മിടുക്ക്കാണിക്കുന്ന ബസ്സുടമകളെയും,ഹോട്ടല്കാരെയും, ഓട്ടോക്കാരെയും ആണോ നമ്മള്‍ യഥാര്‍ത്ഥത്തില്‍ പേടിക്കേണ്ടത്? ഇങ്ങനെ അവസരം മുതലാക്കി വിലക്കൂട്ടുന്ന ഈക്കൂട്ടരാരെങ്കിലും പെട്രോളിന്റെ വില കുറഞ്ഞെന്നും പറഞ്ഞു അവരുടെ സാധനങ്ങളുടെയോ സേവനങ്ങളുടെയോ വില കുറച്ചതായി എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഏത് ഗവണ്‍മെന്റ് വന്നാലും പെട്രോളിന്റെ കാര്യത്തില്‍ ഇങ്ങനെയൊക്കെയേ ചെയ്യാന്‍ പറ്റൂ. ആര്‍ക്കും മാജിക്‌ കാണിച്ചു പെട്രോളുണ്ടാക്കാന്‍ കഴിയില്ല. പിന്നെ അതിന്റെ പേരില്‍ കുറച്ചു വണ്ടികത്തിച്ചും റോഡുപരോധിച്ചും പ്രതിപക്ഷപാര്‍ട്ടികള്‍ക്ക്  കുറച്ചു ആളെ പിടിക്കാം എന്നുള്ളതാണ് ആകെയുള്ള ഒരു ഗുണം. ഇപ്പൊ പെട്രോളിന് ഒരു രൂപാ എണ്‍പത് പൈസാ കൂട്ടിയപ്പോള്‍ നമ്മള്‍ ഒരു ദിവസം പണിമുടക്കി. ഇങ്ങനെ പോയാല്‍ നമ്മളുടെ മക്കളുടെ കാലം ആകുമ്പോള്‍ വില നൂറു രൂപയോക്കെയായിരിക്കും ഒറ്റയടിക്ക് കൂട്ടുന്നത്‌. അപ്പൊ ഇവര്‍ നൂറു ദിവസം പണി മുടക്കുമോ !!?"

                                           പൊന്നപ്പന്‍ ചേട്ടന്റെ നീണ്ട പ്രഭാഷണത്തിന്റെ ഒട്ടുമുക്കാലും എനിക്ക് മനസ്സിലായില്ലെങ്കിലും ആ നൂറു ദിവസത്തെ ഹര്‍ത്താല്‍ എനിക്കങ്ങു സുഖിച്ചു. ഹോ!! എനിക്ക് എന്റെ പിള്ളരായിട്ടെങ്ങാനും ജനിച്ചാല്‍ മതിയായിരുന്നു..!!


Reactions:
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Antz Media